Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

London Bridge Attack ഭീകരാക്രമണത്തിനു പിന്നാലെ ലണ്ടനിൽ പരിശോധന ശക്തമാക്കിയപ്പോൾ

ലണ്ടൻ∙ ഏഴുപേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ സ്വാധീനമുളള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് ജനക്കൂട്ടത്തിലേക്കു വാൻ ഓടിച്ചുകയറ്റിയശേഷം മൂന്നു ഭീകരർ കത്തികൊണ്ടു ആക്രമണം നടത്തിയത്. 

ആക്രമണത്തിൽ പരുക്കേറ്റ 48 പേരില്‍ 21 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. രണ്ടര മാസത്തിനിടെ ബ്രിട്ടനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. ഇതേത്തുടർന്ന് ബ്രിട്ടനിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ആക്രമണം നടത്തിയ മൂന്നു അക്രമികളെയും മിനിറ്റുകള്‍ക്കുളളില്‍ പൊലീസ് വധിച്ചിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രാചാരണം ഇന്ന് പുനരാരംഭിക്കും. തിരഞ്ഞെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചിരുന്നു. ലണ്ടനിലെ ഏറ്റവും ജനത്തിരക്കേറിയ മേഖലയിലായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 22നു മാഞ്ചസ്റ്ററിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്; മാർച്ച് 22നു ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണത്തിൽ നാലുപേരും.