Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ വീണ്ടും വില്ലനായി; ബംഗ്ലദേശ്–ഒാസ്ട്രേലിയ മൽസരം ഉപേക്ഷിച്ചു

Tamim-Iqbal ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ ബംഗ്ലദേശ് താരം തമിം ഇക്ബാലിന്റെ ബാറ്റിങ്.

ഓവൽ ∙ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍‌ ബംഗ്ലദേശ്–ഒാസ്ട്രേലിയ മൽസരം മഴമൂലം ഉപേക്ഷിച്ചു. 183 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് അനായാസം നീങ്ങിയ ഒാസിസിനെ മഴ ചതിക്കുകയായിരുന്നു. മൽസരം ഉപേക്ഷിക്കുമ്പോൾ 16 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലായിരുന്നു ഒാസീസ്. 19 റൺസെടുത്ത ഫിഞ്ചിന്റെ വിക്കറ്റാണ് നഷ്ടമായത്. 40 റൺസുമായി വാർണറും 22 റൺസുമായി സ്റ്റീവൻ സ്മിത്തുമായിരുന്നു ക്രീസിൽ.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 44.3 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി കുറിക്കാനുള്ള സുവർണാവസരം അഞ്ചു റൺസകലെ കൈവിട്ട ഓപ്പണർ തമിം ഇക്ബാലിന്റെ ഇന്നിങ്സാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തമീമിനു പുറമെ ഷാക്കിബ് അൽ ഹസൻ (29), മെഹദി ഹസൻ (14) എന്നിവർക്കു മാത്രമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് നാലും ആദം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരായ ആദ്യ മൽസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വരവറിയിച്ച തമിം ഇക്‌ബാൽ ബംഗ്ലദേശിനെ ഒറ്റയ്ക്ക് തോളിലേറ്റുന്ന കാഴ്ചയായിരുന്നു ഓസീസിനെതിരെ. പേരുകേട്ട ഓസീസ് ബോളിങ്ങിനെതിരെ ഭയക്കാതെ പൊരുതിയ തമിം, തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിക്കുമെന്ന തോന്നലുയർത്തി. ഒരറ്റത്തു വിക്കറ്റുകൾ ഓരോന്നായി കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന തമീമിന് ഭേദപ്പെട്ട ഒരു കൂട്ടു നൽകാൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ വരേണ്ടിവന്നു. നാലാം വിക്കറ്റിൽ ഷാക്കിബ്–തമീം സഖ്യം കൂട്ടിച്ചേർത്ത 69 റൺസാണ് ബംഗ്ലദേശിനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. 48 പന്തിൽ രണ്ടു ബൗണ്ടറികളോടെ 29 റൺസെടുത്ത ഷാക്കിബും മടങ്ങിയശേഷം ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത് മെഹദി ഹസൻ മാത്രം.

ഓപ്പണറായി ക്രീസിലെത്തിയ തമീം ഇക്ബാൽ ഏഴാമനായാണ് പുറത്തായത്. 114 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 95 റൺസെടുത്ത തമീമിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മൽസരത്തിൽ തമീം 128 റൺസെടുത്തിരുന്നു. ഏകദിനത്തിൽ ഇതു മൂന്നാം തവണയാണ് തമീം 95ൽ പുറത്താകുന്നത്. 90 കടന്നിട്ടും തമീം സെഞ്ചുറിയിലെത്താതെ പോയത് ഈ മൂന്നു തവണ മാത്രം. അതേസമയം, സൗമ്യ സർക്കാർ (3), ഇമ്രുൽ ഖയീസ് (6), മുഷ്ഫിഖുർ റഹിം (9), സാബിർ റഹ്മാൻ (8), മഹ്മൂദുല്ല (8), മൊർത്താസ (0), റൂബൽ ഹുസൈൻ (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. മുസ്താഫിസുർ റഹ്മാൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

related stories