Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം ജില്ലയിലുൾപ്പെടെ വിവിധയിടങ്ങളിൽ ഇന്നു ഹർത്താൽ

harthal-2

തിരുവനന്തപുരം∙ തിരുവനന്തപുരം ജില്ലയിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നു ഹർത്താൽ. ബിജെപി, ബിഎംഎസ് ഓഫിസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും ചേർത്തല നഗരസഭയിലും ബിജെപി ഇന്നു ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അതിനിടെ, കോഴിക്കോട് ഒളവണ്ണയിൽ പാർട്ടി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ സിപിഎമ്മും ഹർത്താലിന് ആഹ്വാനം നൽകി.

അതേസമയം, വ്യാപാരിയെ സിഐടിയു പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുമളിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് ഇവിടെ ഹർത്താൽ.

രാത്രി എട്ടരയോടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണു തിരുവനന്തപുരത്തു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ബോംബെറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു. ബോംബേറിലും ജില്ലയില്‍ ബിജെപിക്ക് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചു തിരുവനന്തപുരം ജില്ലയില്‍ ഇന്നു ഹർത്താലാചരിക്കുമെന്നു ബിജെപി ജില്ലാ നേതാക്കൾ അറിയിച്ചു. ചേർത്തലയിലെ ബിഎംഎസ് ഓഫിസിനെതിരെയുള്ള സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ചാണു ചേർത്തല നഗരസഭയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുണ്ടായ കയ്യേറ്റത്തിനു പിന്നാലെയാണു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പാർട്ടി ഓഫിസുകൾ ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്തിനു പുറമെ ചേർത്തല, തലയോലപ്പറമ്പ്, വെള്ളൂർ, നീഴൂർ തുടങ്ങിയ സ്ഥലങ്ങളിലും ബിജെപി ഓഫിസുകൾക്കു നേരെ ആക്രമണമുണ്ടായതായാണു വിവരം.

ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി സേ പരീക്ഷ ജൂൺ പതിനാലിലേക്കു മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.


വ്യാപാരിക്കു മർദ്ദനം; കുമളിയിൽ ഹർത്താൽ‌

കുമളി∙ കുമളിയിൽ വ്യാപാരിയെ സിഐടിയു പ്രവർത്തകർ മർദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് ഉച്ച വരെ കുമളിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു ഹർത്താലാചരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് തീരുമാനിച്ചു. രാവിലെ 11 ന് സമിതിയുടെ നേതൃത്വത്തിൽ കുമളിയിൽ പ്രകടനവും നടക്കും.

കൊളുത്തുപാലത്തു പ്രവർത്തിക്കുന്ന ഓർബിറ്റ് സൂപ്പർമാർക്കറ്റ് ഉടമ ജയിംസ് ചക്കാലയ്ക്കലിനാണു മർദനമേറ്റത്. കടയിൽ നിന്നു സാധനം വാങ്ങിയ വകയിൽ കടം നൽകാനുള്ള തുക തിരികെ ചോദിച്ചതാണു മർദനത്തിനു കാരണമെന്നു പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.