Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിക്കാരുടെ മേൽവിലാസം ഇനി കൊച്ചി മെട്രോയുടെ തൂണുകളിൽ എഴുതാം

Kochi Metro Pillers കൊച്ചി മെട്രോ തൂണിൽ ചെടികൾ വളർത്തിയ നിലയിൽ

അതിശയകരമായ സംഭവം തന്നെയാണ് കൊച്ചി മെട്രോ. ശരവേഗത്തിൽ മുന്നോട്ടു പോയ ഒരു പദ്ധതി. തുണും പാലവും റെയിലും ട്രെയിനുമെല്ലാം വാർത്തകളിൽ. 1300ൽ പരം തൂണുകളാണ് കൊച്ചിയുടെ ഹൃദയഭാഗത്തിലൂടെ മെട്രോയുടെതായി കടന്നു പോകുന്നത്. അനാകർഷകമായി തുരുമ്പു പിടിച്ച തൂണുകൾ കണ്ടു തഴമ്പിച്ച കൊച്ചിക്കാർക്കു അത്ഭുതം തന്നെയാണ് ഈ തൂണുകൾ. ഏറ്റവുമധികം വാർത്തകളിൽ ഇടം പിടിച്ചതും വിവാദമുണ്ടാക്കിയതുമെല്ലാം ഈ തൂണുകൾ തന്നെ. തിരക്കുളള റോഡുകളിൽ തൂണുകളും പൂക്കുമെന്ന് മലയാളികൾക്ക് കാണിച്ചു കൊടുത്തത് കൊച്ചി മെട്രോയാണ്.

കൊച്ചി മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും പൂക്കുന്ന വെർട്ടിക്കൽ ഗാർഡൻ കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായി തന്നെ മാറി കഴിഞ്ഞു. ആലുവ മുതൽ വൈറ്റില വരെയുളള കൊച്ചി മെട്രോയുടെ നാനൂറിൽപരം തൂണുകളിൽ ബിനാലെ കലാകാരൻമാർ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചപ്പോൾ തന്നെ മലയാളി മനസ്സിൽ ഉറപ്പിച്ചതാണ് ഈ തൂണുകൾ ചരിത്രമെഴുതുമെന്ന്. കൊച്ചിക്കാരുടെ മേൽവിലാസം ഇനി ഈ തൂണുകൾ എഴുതും.

1300ൽ പരം തൂണുകളുടെ നമ്പറുകളിൽ ഇനി കൊച്ചി അറിയപ്പെടും. എടാ പിസി 432 കുട്ടൻപിളളയെന്ന് സിനിമയിലെ പൊലീസ് നീട്ടിവിളിക്കുമ്പോൾ ഉണ്ടാകുന്നതിനെക്കാൾ താത്പര്യത്തോടെ കൊച്ചി മെട്രോ കടന്നു പോകുന്ന ഓരോ സ്ഥലവും വിളികേൾക്കും. കടവന്ത്രയിൽ ചായക്കട നടത്തുന്ന കുട്ടപ്പൻ എന്നു പറയുന്നതിനെക്കാൾ എളുപ്പവും സൗകര്യവുമായിരിക്കും ഇനി 800 ൽ ചായകട നടത്തുന്ന കുട്ടപ്പനെന്ന് പറയാനും വിളിക്കാനും.

ഇനി തപാൽവിലാസത്തിലും ഈ തൂണുകൾ ഇടം പിടിക്കുമോയെന്ന ആശ്ചര്യത്തിലാണ് കൊച്ചിക്കാർ. ലൂലു മാളിന്റെ തൊട്ടു മുന്നിൽ ആലുവ റൂട്ടിൽ ഉളള ചെറിയ ഒരു പ്രദേശത്ത് ചെറിയ ബേക്കറി നടത്തുകയാണ് ചങ്ങമ്പുഴ നഗർ സ്വദേശി ടി. ബി. നൗഷാദ്. ‘കടയെവിടെയാ?’ എന്നു ചോദിക്കുന്നവരോട് കുനൻത്തെയെന്ന് പറഞ്ഞാൽ സംഗതി കുഴയും. അത് എവിടെയന്നാകും ചോദ്യം. എന്നാൽ 362 എന്നു പറഞ്ഞാൽ സംഗതി റെഡി. കട നാലാളു അറിഞ്ഞാൽ നല്ലതല്ലേ ഭായി? – സന്തോഷത്തോടെ നൗഷാദ് ചോദിക്കുന്നു.

Nousad-TB നൗഷാദ്

ബിരിയാണി അന്വേഷിച്ചെത്തുന്നവർ ഇപ്പോൾ വിലാസത്തിനു പകരം തൂണിന്റെ നമ്പറാണ് ചോദിക്കുന്നതെന്ന് കടവന്ത്രയിൽ മസ്ക്കറ്റ് ഹോട്ടൽ നടത്തുന്ന അബ്ദുൾ സത്താർ പറയുന്നു. മെട്രോ പോലെ തന്നെ കൊച്ചിക്കാരുടെ അഹങ്കരമായി ഈ തൂണുകളും ഒരു കാലത്ത് മാറുക തന്നെ ചെയ്യും. ഹോട്ടൽ ജോലിക്കാരായ പി.എ. മജീദും നൗഷാദും പറയുന്നു. ഇടപ്പളളി മിൽമയുടെ അടുത്ത് സെപയർ പാർട്സ്കട നടത്തുന്ന സക്കീറിനും എതിർ അഭിപ്രായമില്ല. നാലാളു അറിയുമെങ്കിൽ വിലാസത്തിനൊപ്പം തൂണിന്റെ നമ്പർ എഴുതാനും സക്കീർ റെഡി.

Muscat-hotel-employees-new മസ്ക്കറ്റ് ഹോട്ടലിലെ തൊഴിലാളികൾ

അമിത് ഷായുടെ ഫ്ളക്സുകൾ പതിപ്പിച്ചപ്പോഴും ആഷിക് അബു തൂണുകളിലെ പരസ്യം നീക്കം ചെയ്യാൻ ഇറങ്ങിയപ്പോഴും ഈ തൂണുകളെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് വൈറ്റില– കടവത്ര റൂട്ടിൽ കടുകപറമ്പിൽ സ്റ്റോർ നടത്തുന്ന ജോസഫ് പറയുന്നു. മെട്രോ തൂണുകളിൽ പൊലീസ് വാച്ച് ടവർ നിർമ്മിക്കാമെന്ന ആശയത്തെ കുറിച്ച് ചിന്തിക്കുന്നതായി പത്രങ്ങളിൽ വായിച്ചറിഞ്ഞു. സന്തോഷം. തൂണുകളാണ് നാളെ കൊച്ചിയുടെ ചരിത്രം എഴുതുന്നുവെങ്കിൽ അങ്ങനെയാകട്ടെ – ചിരിയോടെ ജോസഫ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.