Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച തുടക്കം കൈവിട്ട് ഓസീസ് തകർന്നു; ഇംഗ്ലണ്ടിന് 278 റൺസ് വിജയലക്ഷ്യം

Jason Roy മാക്സ്‌വെല്ലിനെ ക്യാച്ചെടുത്ത് പുറത്താക്കിയ ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ആഹ്ലാദം.

ബിർമിങ്ങാം ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 27‌8 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 42.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിലായിരുന്ന ഓസീസ്, പിന്നീട് തകരുകയായിരുന്നു. അവസാന 10 ഓവറിൽ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഓസീസിന് 57 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 71 റൺസുമായി പുറത്താകാതെ നിന്ന ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ്സ്കോറർ. 64 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതായിരുന്നു ട്രാവിസ് ഹെഡിന്റെ ഇന്നിങ്സ്.

ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച് സെമി ഉറപ്പിച്ചു കഴിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ, ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്. ബംഗ്ലദേശിനും ന്യൂസീലൻഡിനും എതിരായ മൽസരങ്ങൾ മഴമൂലം നിഷ്ടപ്പെട്ടതാണ് ഓസ്ട്രേലിയയ്ക്ക് വിനയായത്. പോയിന്റ് പങ്കുവച്ച വകയിൽ ലഭിച്ച രണ്ടു പോയിന്റാണ് ഓസ്ട്രേലിയയുടെ ആകെ സമ്പാദ്യം.

അർധസെഞ്ചുറി നേടിയ ആരോൺ ഫിഞ്ച് (68), ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (56) എന്നിവരും ഓസീസ് ഇന്നിങ്സിൽ മികച്ച സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ നാലു വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിങ് വിക്കറ്റിൽ വാർണർ–ഫിഞ്ച് സഖ്യം 40 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. രണ്ടാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്ത ഫിഞ്ച്–സ്മിത്ത് സഖ്യം ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടു. വാർണർ 25 പന്തിൽ 21 റൺസെടുത്തു മടങ്ങി. ഫിഞ്ച് 64 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 68 റൺസ് നേടി പുറത്തായി. സ്റ്റീവ് സ്മിത്ത് (77 പന്തിൽ 56), ഹെൻറിക്വസ് (19 പന്തിൽ 17), മാക്സ്‍വെൽ (31 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി.

അതേസമയം, അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതാണ് വൻ സ്കോർ പടുത്തുയർത്തുന്നതിൽനിന്ന് ഓസീസിനെ തടഞ്ഞത്. മാത്യു വെയ്ഡ് (2), മിച്ചൽ സ്റ്റാർക്ക് (0), പാറ്റ് കമ്മിൻസ് (4), ആദം സാംപ (0) എന്നിവർ കാര്യമായ സംഭാവനകൾ കൂടാതെ മടങ്ങി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് വഴങ്ങിയ ആദിൽ റഷീദും നാലു വിക്കറ്റെടുത്ത് ഓസീസ് ഇന്നിങ്സിന് കടിഞ്ഞാണിട്ടു.

ഇംഗ്ലണ്ടിനെതിരെ ഇന്നു ജയിച്ചാൽ നാലു പോയിന്റുമായി ഓസ്ട്രേലിയയ്ക്കു സെമിയിൽ കടക്കാം. അതേസമയം, ഇംഗ്ലണ്ട് ജയിച്ചാൽ ബംഗ്ലദേശ് സെമിയിലെത്തും. മൽസരം ടൈയോ ഫലമില്ലാതെയോ വന്നാൽ രണ്ടു ടീമുകൾക്ക് മൂന്നു പോയിന്റാകും. അപ്പോൾ റൺറേറ്റാകും സെമി ബെർത്ത് നിർണയിക്കുക. രണ്ടു കളികളും മഴയിൽ ഒലിച്ചു പോയ ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ പൂജ്യമാണ് റൺറേറ്റ്. എന്നാൽ ന്യൂസീലൻഡിനെ തകർത്ത ബംഗ്ലദേശ് ഓസ്ട്രേലിയയ്ക്ക് മുന്നിലുണ്ട്.

related stories