Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഇംഗ്ലണ്ടിന്; വെനസ്വേലയെ 1–0ന് തോൽപ്പിച്ചു

England-players-celebrate അണ്ടർ 20 ലോകകപ്പുമായി ഇംഗ്ലണ്ട് ടീമംഗങ്ങൾ.

സോൾ ∙ ദക്ഷിണ കൊറിയ ആതിഥ്യം വഹിച്ച അണ്ടർ 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഇന്നു നടന്ന ഫൈനലിൽ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം. എവർട്ടൺ താരം ഡൊമിനിക് കാർവർട്ട് ലെവിൻ ആദ്യ പകുതിയുടെ 35–ാം മിനിറ്റിൽ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് കന്നി അണ്ടർ 20 ലോകകിരീടം സമ്മാനിച്ചത്.

1966ൽ ഫിഫ ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് സ്വന്തമാക്കുന്ന ആദ്യ ലോകകിരീടമാണിത്. കഴിഞ്ഞ 51 വർഷത്തിനിടെ ഒരു ലോക ടൂർണമെന്റിൽ ഇംഗ്ലണ്ട് ഫൈനൽ കളിക്കുന്നതും ഇതാദ്യമാണ്. സെമിയിൽ ഇറ്റലിയെ 3–1നു തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരിന് യോഗ്യത നേടിയത്.

രണ്ടാം പകുതിയിൽ വെനസ്വേലയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി രക്ഷിച്ച ഗോൾകീപ്പർ ഫ്രഡ്ഡി വൂഡ്മാനും ഇംഗ്ലണ്ട് വിജയത്തിൽ നിർണായക സംഭാവന നൽകി. മൽസരത്തിന്റെ 73–ാം മിനിറ്റിൽ വെനസ്വേലയുടെ മലാഗ താരം അഡൽബെർട്ടോ പെനറാൻഡയെ കൈൽ വാൽകർ പീറ്റേഴ്സ് പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ പെനറാൾഡയുടെ കിക്ക് വൂഡ്മാൻ തട്ടിയകറ്റുകയായിരുന്നു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും വൂഡ്മാൻ നേടി.