Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ സൂപ്പർ... പക്ഷേ ജീവിതം വഴിമുട്ടരുതല്ലോ സാറെ...

metro-4

നുമ്മടെ കൊച്ചി പൊളിക്കും. ലോകം നുമ്മ നോക്കാണ്. മെട്രോ സൂപ്പറാ! നല്ല കാര്യം. 55 കൊല്ലായി ഞാൻ ഈ മാർക്കറ്റിൽ മീൻകുട്ട ചുമക്കണ്. രാത്രി ഇരുട്ടി വെളുക്കുമ്പോ ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാ നുമ്മടെ ചങ്ക് പൊളിയും മോനേ. – പറയുന്നത് ചമ്പക്കര മാർക്കറ്റിന്റെ ചൂടും ചൂരും നന്നായി അറിയാവുന്ന താണ്ടമ്മ ചേച്ചി. ചേച്ചിയുടെ ആശങ്കകൾക്ക് കൊച്ചിയിൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ മുഖമാണ്. താണ്ടമ്മ ചേച്ചിയുടെ കരച്ചിലിനൊപ്പം ചമ്പക്കര മാർക്കറ്റും തേങ്ങും. 

200 വർഷത്തോളം പഴക്കമുണ്ട് ചമ്പക്കര മാർക്കറ്റിന്. ആയിരക്കണക്കിനു പേരുടെ ഉപജീവനമാർഗം. രണ്ടു ഭാഗം കായലിനാൽ ചുറ്റപ്പെട്ട് സംസ്ഥാന പാതയോടും ദേശീയ പാതയോടും ചേര്‍ന്നു കിടക്കുന്ന മാർക്കറ്റ്. വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും വഞ്ചികള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാമെന്ന പ്ലസ് പോയിന്റാണ് പ്രത്യേകത. വെറുമൊരു ചന്തയല്ല ഈ മാർക്കറ്റ്. ജീവിതം ഉണ്ടുറങ്ങുന്ന സ്ഥലമാണ്. സംശയമുണ്ടെങ്കിൽ ബാക്കി മണികണ്ഠൻ പറയും. ഈ മാർക്കറ്റിന്റെ വഴിയോരങ്ങളിൽ നടന്നും കലഹിച്ചും മലയാള സിനിമയിലേയ്ക്ക് ഓടികയറിയവനാണ് മണികണ്ഠൻ. കമ്മട്ടിപാട്ടത്തിൽ കണ്ട അടിയും അതിജീവനവും മണികണ്ഠൻ ഈ മാർക്കറ്റിൽ നേരിട്ടു കണ്ടിട്ടുണ്ട്. 

metro-2

ക്ഷയിച്ച തറവാട് പോലെ...

പഴമയും പാരമ്പര്യവും ഉണ്ടെങ്കിലും പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് ഈ മാർക്കറ്റ്. ആകെ 40 സെന്റ് സ്ഥലത്താണ് മാർക്കറ്റിന്റെ പ്രവർത്തനം. ഐസ്, പച്ചക്കറി, ടീഷോപ്പ്, പലചരക്ക്, ഉണക്കമീന്‍, ഇറച്ചി തുടങ്ങിയവയുടെ കച്ചവടവും ടെംപോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളിൽ ജീവിത മാർഗം തേടുന്നവരെല്ലാം ഈ സ്ഥലത്താണ് തിങ്ങിപ്പാർക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഈ മാർക്കറ്റിനെ ആശ്രയിച്ചു കഴിയുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് പറയുന്നു. മെട്രോയുടെ ഭാഗമായി കുന്നറ മുതൽ പേട്ട വരെ നടത്തിയ സാമൂഹിക പ്രത്യാഘാത പഠനത്തിൽ 149 പേർക്കാണ് വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നത്. കുന്നറ പാര്‍ക്ക് എക്കോപാര്‍ക്കായി വികസിപ്പിക്കാനും ചമ്പക്കര മാര്‍ക്കറ്റ് വികസിപ്പിച്ച് ജീവനോപാധികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനും പഠനറിപ്പോര്‍ട്ടിൽ സുപ്രധാന നിര്‍ദേശമുണ്ടായിരുന്നു. 

മെട്രോ റയിലിനു സ്ഥലം ഏറ്റെടുക്കൽ വിജയമോ?

മഹാരാജാസ്, കളമശേരി, വെറ്റില-തൈക്കൂടം ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ വിജയകരമായിരുന്നു. മൂന്ന് വിഭാഗമായി സ്ഥലം വിഭജിച്ചു മൂന്ന് തരം വില നിശ്ചയിച്ചായിരുന്നു ഏറ്റെടുക്കൽ. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് 52 ലക്ഷം സെന്റിന് കൊടുത്തതായിരുന്നു ആകെയുണ്ടായ വിവാദം. മറ്റുളളവർക്ക് ഉയർന്ന വില 27 ലക്ഷം നൽകിയ സ്ഥാനത്താണ് ഈ സ്ഥാപനത്തിന് ഇത്രയും തുക നൽകി സ്ഥലം ഏറ്റെടുത്തത്. ഇവിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങളാണ് കൂടുതലും ഒഴിപ്പിക്കേണ്ടി വന്നതെന്നത് സർക്കാരിന്റെ പണി എളുപ്പമാക്കി.

metro-3

തൈക്കൂടത്ത് 12 വീടുകളും 20 കടകളും സർക്കാർ ഏറ്റെടുത്തു. വാടകയ്ക്ക് കട നടത്തുന്നവർക്ക് ആറു ലക്ഷത്തി മുപ്പത്താറായിരം രൂപ സർക്കാർ സഹായപാക്കേജും പ്രഖ്യാപിച്ചു. ചമ്പക്കര മാർക്കറ്റ് ഉൾപ്പെടുന്ന കുണ്ടറ മുതൽ പേട്ട വരെയുളള പ്രദേശത്ത് 84 സ്ഥിരതാമസക്കാരായ കുടുംബങ്ങളും 65 പേർ വാടകക്കെട്ടിടങ്ങളിലെ കച്ചവടക്കാരുമാണ്. 2013 ലെ സ്ഥലമെടുപ്പുനിയമം അനുസരിച്ചാണ് സർക്കാർ ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ നൽകിയതിൽ നിന്ന് ഈ നിയമനുസരിച്ച് തുക കുറയും എന്ന വാദമാണ് സർക്കാരിനോട് സഹകരിക്കാതിരിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്ന ഘടകം. 

ചമ്പക്കര മാർക്കറ്റ് ഉൾപ്പെടുന്ന കുണ്ടറ മുതൽ പേട്ട വരെയുളള പ്രദേശത്ത്  84 പേര്‍ സ്ഥിരതാമസക്കാരായ കുടുംബങ്ങളും 65 പേര്‍ വാടക കെട്ടിടങ്ങളിലെ കച്ചവടക്കാരുമാണ്. 3.75 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. 2013ലെ സ്ഥലമെടുപ്പുനിയമം അനുസരിച്ചാകും ഈ ഏറ്റെടുക്കല്‍. ഇതോടെ ഈ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്ന ആദ്യ ജില്ലയായി എറണാകുളം മാറും. എതിപ്പ് ഉയർന്നപ്പോൾ 10 ശതമാനം ഉയര്‍ന്ന വില നൽകാമെന്ന് ജില്ലാ ഭരണകൂടം പറയുന്നുണ്ടെങ്കിലും ന്യായമായ വില നൽകിയില്ലെങ്കിൽ നിരഹാരം അടക്കമുളള സമരങ്ങളിലേക്കു നീങ്ങേണ്ടി വരുമെന്നാണ് ജനകീയ സമിതി നൽകുന്ന മുന്നറിയിപ്പ്.

metro-1

കന്നറ മുതല്‍ ഐഒസി പെട്രോള്‍ പമ്പ് വരെയുള്ള ഭാഗത്തെ സ്ഥലം സര്‍ക്കാര്‍ നിശ്ചയിച്ചതനുസരിച്ച് മൂന്നാം കാറ്റഗറിയാണ്. ഇവിടെ 22.51 ലക്ഷം രൂപയാണ് വിലയിട്ടിട്ടുള്ളത്. രണ്ടാം കാറ്റഗറിയില്‍ വരുന്ന പെട്രോള്‍ പമ്പ് മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് 27.36 ലക്ഷമാണ് സെന്റിന് വില. ഇത് ഭൂരിഭാഗം വീട്ടുടമകളും അംഗീകരിച്ചിട്ടുണ്ട്. സഥലമേറ്റെടുക്കൽ നടപടിയുടെ ഭാഗമായുള്ള ഇടപാടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും മറ്റ് നികുതികളും റജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള ചെലവും ഒഴിവാക്കികൊടുക്കുമെന്നും പുതിയ വ്യവസ്ഥയിലുണ്ട്. 30 ലക്ഷം വരെ കിട്ടുമെന്ന് കരുതി ആദ്യഘട്ടത്തിൽ സ്ഥലം കൊടുക്കാതിരുന്നവർ 22.51 ലക്ഷത്തിന് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.