Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗാ സംരക്ഷണം: നദി മലിനമാക്കിയാൽ 7 വർഷം തടവും 100 കോടി പിഴയും

ganga clean

ന്യൂഡൽഹി ∙ ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ ഏഴു വർഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നിർദേശം. ഗംഗാ സംരക്ഷണ ബിൽ 2017 എന്നപേരിൽ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കാനാണ് നീക്കം.

ഗംഗയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുക, അനധികൃതമായി ഗംഗയുടെ തീരങ്ങൾ കയ്യേറുക, നദിയിൽ മാലിന്യം തള്ളുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ നിയമത്തിനുള്ളിൽ‍ വരും. റിട്ടയേർഡ് ജസ്റ്റിസ് ഗിരിധർ മാളവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർദേശം നൽകിയത്. ഗംഗയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററിൽ ‘ജലസംരക്ഷണ’ മേഖലയായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

വിശദപഠനത്തിനായി സർക്കാർ ഇക്കാര്യങ്ങൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേന്ദ്ര ജലമന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. അവസാന ഉത്തരവിനു മുൻപ് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിർദേശവും പരിഗണിക്കുന്നുണ്ട്. ഉടൻ തന്നെ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യോഗവും വിളിക്കുമെന്നു മന്ത്രാലയം പറഞ്ഞു.

കർശന നിയമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ തെറ്റ് ചെയ്യാതിരിക്കുകയുള്ളെന്ന് സംഘത്തിലെ ഒരംഗമായ അഡ്വ. അരുൺ കുമാർ ഗുപ്ത പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഗംഗാ ശുചീകരണത്തിന് ചെലവഴിക്കുന്നത്. പക്ഷെ, അതുകൊണ്ടൊന്നും പൂർണമായ പരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമിതി മുന്നോട്ടു വയ്ക്കുന്ന പ്രധാന നിർദേശങ്ങളിൽ ചിലത്:

∙ ഗംഗാ നദിയിൽ നിന്നുള്ള മണൽവാരൽ, മൽസ്യബന്ധനം തുടങ്ങിയവ കർശനമായും നിരോധിക്കും. ഇത് തെറ്റിക്കുന്നവർക്ക് അഞ്ചു വർഷം വരെ ജയിൽ ശിക്ഷയോ 50,000 രൂപ വരെ പിഴയോ.

∙ നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിലുള്ള അനധികൃത നിർമാണങ്ങൾ രണ്ടുവർഷം തടവും 100 കോടി രൂപവരെ പിഴയും ശിക്ഷയായി നൽകേണ്ടിവരും.

∙ ഗംഗാ നദിയിലോ അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലോ ചെറിയ ജെട്ടികളോ, തുറമുഖങ്ങളോ, സ്ഥിരം കേന്ദ്രങ്ങളോ, നിർമാണങ്ങളോ നടത്താൻ പാടില്ല. ഈ നിയമം തെറ്റിക്കുന്നവർക്ക് ഒരു വർഷം തടവും 50 കോടി രൂപവരെ പിഴയും ശിക്ഷ.