Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൂടെ നിന്ന കൊച്ചിക്കാർക്ക് നമസ്കാരം’: തടസ്സങ്ങൾ തരണം ചെയ്തതിനെക്കുറിച്ച് ശ്രീധരൻ

E Sreedharan

കൊച്ചി മെട്രോ വലിയ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. അതിനു ചുക്കാൻ പിടിച്ച ഇ. ശ്രീധരനു മലയാളി മനസ്സുകളിലും വിലപ്പെട്ട സ്ഥാനമാണ്. മെട്രോ ആദ്യ ഘട്ടത്തിലുൾപ്പെട്ട ആലുവ - പാലാരിവട്ടം റീച്ച് ഗതാഗതത്തിനായി തുറക്കുമ്പോൾ അതു മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നു. സ്വന്തം നാട്ടിലെ മെട്രോ എന്നതാണ് ഈ നേട്ടത്തെ അദ്ദേഹത്തിനു പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽനിന്ന്.

പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിബന്ധങ്ങൾ എന്തൊക്കെയായിരുന്നു, എങ്ങനെ തരണം ചെയ്തു?

കൊച്ചിയിലെ വീതിയില്ലാത്ത റോഡുകളായിരുന്നു ഞങ്ങൾ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്. പകൽ സമയത്തെ നിർമാണ പ്രവർത്തനങ്ങളെ ഇതു കാര്യമായി ബാധിച്ചു. രാത്രിയിലാണു ഭൂരിഭാഗം ജോലികളും നടന്നത്. പ്രാദേശികമായി തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെ പൂർണമായി ആശ്രയിക്കേണ്ടി വന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും ഇടയ്ക്കു മടങ്ങിയതോടെ വിദഗ്ധ തൊഴിലാളികളെ സ്ഥിരമായി കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. അതായിരുന്നു വലിയ വെല്ലുവിളി. ഒപ്പം ക്വാറി സമരം, ഹർത്താലുകൾ, സമരങ്ങൾ എന്നിവയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഏറ്റവും വലിയ പ്രോൽസാഹനം കൊച്ചിയിലെ ജനങ്ങളുടെ ക്ഷമയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുമായിരുന്നു, മെട്രോയ്ക്കു വേണ്ടി ഏറെ ബുദ്ധിമുട്ടുകൾ സഹിക്കുകയും അസൗകര്യങ്ങളുടെ നടുവിലൂടെ സഞ്ചരിക്കാനും അവർ തയാറായി.

ആകാശപാളത്തിൽ കൊച്ചി; നുമ്മ, ഇനി മെട്രോ

E Sreedharan

മെട്രോ പദ്ധതിയുമായി കേരളത്തിലെത്തുമ്പോൾ ആശങ്കകളുണ്ടായിരുന്നുവോ?

കേരളത്തിൽ പദ്ധതി ഏറ്റെടുക്കാൻ വരുമ്പോൾ അത്തരം ആശങ്കകളുണ്ടായിരുന്നില്ല. മലയാളികൾ ഏറെ ബോധമുള്ളവരാണ്. പദ്ധതി ജന നൻമയ്ക്കു വേണ്ടി സുതാര്യമായി നടപ്പാക്കുകയാണെങ്കിൽ അവർ അതിനെ പൂർണമായും പിന്തുണയ്ക്കുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.

തൊഴിൽ സമരങ്ങളെ എങ്ങനെ കണ്ടു?

പല സമയത്തും നിർമാണം മിന്നൽ സമരങ്ങൾ മൂലം തടസ്സപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചിലരും ജോലി മുടക്കാനെത്തി. അത്തരം സന്ദർഭങ്ങളിലെല്ലാം സർക്കാരിൽനിന്നും പൊലീസിൽനിന്നും ജനപ്രതിനിധികളിൽനിന്നും വലിയ പിന്തുണയാണു ലഭിച്ചത്. ഏറെനാൾ നിർമാണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഇതു സഹായിച്ചു.

മെട്രോ ആദ്യ ഘട്ടത്തിൽ തന്നെ കൊച്ചി വിമാനത്താവളത്തിലേക്കു നീളേണ്ടതല്ലേ?

മെട്രോ വിമാനത്താവളത്തിലേക്ക് ആദ്യം തന്നെ നീട്ടുന്നതിനോട് എനിക്കു യോജിപ്പില്ല. വിമാനത്താവള റൂട്ടിലെ യാത്രക്കാരുടെ എണ്ണം ആദ്യ ഘട്ടത്തിൽ മെട്രോയ്ക്കു ലാഭകരമാകില്ലെന്നതാണു കാരണം.

E Sreedharan

കൊച്ചി മെട്രോയുടെ ഭാവിയെക്കുറിച്ച് എന്താണു പ്രതീക്ഷ? എവിടേയ്ക്കൊക്കെയാകും മെട്രോ നീളുക?

കൊച്ചിക്ക് ആലുവ മുതൽ പേട്ട വരെയുള്ള ഒരു പാത മാത്രം പോര. പ്രധാനപ്പെട്ട റസിഡൻഷ്യൽ ഏരിയകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും മെട്രോ എത്തണം. ഇക്കാര്യത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്.

ഡിഎംആർസിയുടെ കേരളത്തിലെ ഭാവി പരിപാടികൾ?

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഏറ്റെടുക്കാൻ താൽപര്യമുണ്ട്. ലൈറ്റ് മെട്രോ വിജയിപ്പിച്ചാൽ രാജ്യത്തെ മൂന്നാം നിര നഗരങ്ങളിലേക്ക് അതു വ്യാപിക്കും. തിരുവനന്തപുരം - കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി ഏറ്റെടുക്കാനും ഡിഎംആർസിക്ക് അതീവ താൽപര്യമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.