Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും സംഘർഷം; പൊലീസ് ലാത്തിച്ചാർജ്; വൈപ്പിനിൽ ഇന്ന് ഹർത്താൽ

Puthuvype LPG Storage Centre പുതുവൈപ്പിനിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരുക്കേറ്റവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

കൊച്ചി∙ പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി വീണ്ടും സംഘർഷം. പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു. സമരം ചെയ്യുന്ന നാട്ടുകാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വൈപ്പിനില്‍ ഇന്ന് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

അതിനിടെ, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. നാട്ടുകാരുമായി ചർച്ച നടത്താനും ഈ മാസം 21ന് യോഗം വിളിക്കാനും തീരുമാനിച്ചു. ഐഒസി പ്ലാന്റിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്ലാന്റ് അധികൃതർ കലക്ടർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് നീക്കം.

Puthuvype LPG Storage centre പുതുവൈപ്പിനിൽ നാട്ടുകാർ നടത്തുന്ന പ്രതിഷേധം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

പൊലീസ് ലാത്തി വീശിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു.

അതേസമയം, പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല. ചർച്ചകളിലൂടെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

puthuvypeen18 പുതുവെപ്പിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

രണ്ടു ദിവസം മുൻപു സമരക്കാർ ഹൈക്കോടതി ജംക്‌ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരം മൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാൽ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെടുന്നു. സമരക്കാരെ പൊലീസ് നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

puthuvypeen പുതുവെപ്പിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

ഹൈക്കോടതി ജംക്‌ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം നിമിത്തം ചർച്ച നടന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു ദിവസം ചർച്ച നടത്താമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി സമരസമിതി നേതാക്കൾ പറയുന്നു.

related stories