Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി സ്ഥാനാർഥി: കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് നിതീഷ്; ഇല്ലെന്ന് കേരള ഘടകം

Nitish Kumar and Ram Nath Kovind നിതീഷ് കുമാർ റാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ന്യൂഡൽഹി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നു ജനതാ ദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എന്നാൽ, കോവിന്ദിനെ പിന്തുണയ്ക്കില്ലെന്നു ജെഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ എംപി പ്രതികരിച്ചു. ഇക്കാര്യം പാർട്ടിയുടെ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളഘടകത്തിന് യുക്തിപോലെ പ്രവർത്തിക്കാമെന്ന് നിതീഷ് കുമാർ പറഞ്ഞെന്നും വീരേന്ദ്രകുമാർ അറിയിച്ചു. 2015 മുതൽ ബിഹാർ ഗവർണറായിരുന്ന കോവിന്ദിനെ പിന്തുണയ്ക്കുമെന്നു നേരത്തെതന്നെ നിതീഷ് കുമാർ സൂചന നൽകിയിരുന്നു.

അണ്ണാഡിഎംകെ എടപ്പാടി പക്ഷത്തിന്റെ പിന്തുണയും റാം നാഥ് കോവിന്ദ് ഉറപ്പിച്ചു. പാർട്ടി ഒറ്റക്കെട്ടായി കോവിന്ദിനു വോട്ടു ചെയ്യുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചു.

എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പറയുന്നത്. ബിഹാറിൽ ജെഡിയുവും ആർ‌ജെഡിയും സഖ്യത്തിലാണ്. കോൺഗ്രസുമായും ആർജെഡിയുമായുമുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന തീരുമാനമാണു നിതീഷ് കുമാർ എടുത്തിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ കക്ഷികൾ കൂടിക്കാഴ്ച നടത്താനിരിക്കെ, നിതീഷ് കുമാറിന്റെ നീക്കം അപ്രതീക്ഷിതമായി. ബിജെപി സ്ഥാനാർഥിക്കു പിന്തുണ നൽകുമെന്ന വിവരം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ലാലുപ്രസാദ് യാദവിനെയും നിതീഷ് കുമാർ അറിയിച്ചു. മറ്റെല്ലാ വിഷയങ്ങളിലും പ്രതിപക്ഷത്തിനു പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, റാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നിതീഷ് കുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കോവിന്ദിന്റെ സ്ഥാനാർഥിത്വത്തിൽ വ്യക്തിപരമായി സന്തോഷിക്കുന്നുവെന്നും നിതീഷ് വ്യക്തമാക്കിയിരുന്നു. അതേസമയം, എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനായാസ വിജയം ഉറപ്പായി. നേരത്തേ 48.93% വോട്ടു മാത്രമുണ്ടായിരുന്ന ഭരണപക്ഷത്തിന് ഇപ്പോൾ വിവിധ കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ 60 ശതമാനത്തിലധികം വോട്ടുകളായി. ശിവസേന ചൊവ്വാഴ്ച കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി നേതൃത്വത്തിന് ആശ്വാസമായത്. ശിവസേനയ്ക്ക് 25893 വോട്ടുമൂല്യമുണ്ട്.

നിതീഷ് കുമാറിന്റെ പിന്തുണ കൂടി ലഭിച്ചത് കോവിന്ദിന്റെ വിജയത്തിനു മാറ്റുകൂട്ടുമെന്നു എൻഡിഎ ക്യാംപ് കണക്കുകൂട്ടുന്നു. തെലങ്കാനാ രാഷ്ട്രസമിതി, തെലുങ്കുദേശം, വൈഎസ്ആർ കോൺഗ്രസ്, അസം ഗണ പരിഷത്, ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവരും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക് പിന്തുണ പ്രഖ്യാപിച്ചതും ബിജെപിക്ക് നേട്ടമായി. കൂടുതൽ പാർട്ടികൾ വരുംദിവസങ്ങളിൽ പിന്തുണ അറിയിക്കുമെന്നാണു സൂചന. റാം നാഥ് കോവിന്ദ് 23നു നാമനിർദേശ പത്രിക സമർപ്പിക്കും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.