Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കാരുമായി ഭിന്നത; ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം കുംബ്ലെ രാജിവച്ചു

Anil Kumble

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള കളിക്കാരുമായി പോര് മുറുകിയതോടെ പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. കുംബ്ലെ ഇല്ലാതെയാണു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇൻഡീസിലേക്ക് യാത്ര തിരിച്ചത്. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനുശേഷമാണു രാജിക്കാര്യത്തിൽ തീരുമാനമെടുത്തത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനം ജൂൺ 23 വരെ തുടരും. ജൂൺ 23നാണ് ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനം തുടങ്ങുന്നതും. കോഹ്‍ലി– കുംബ്ലെ തർക്കം മൂർച്ചിച്ചതാണു ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു കാരണമെന്നു കരുതുന്നു. അതേസമയം, പ്രശ്നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമായതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചര്‍ച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടൽ ഫലപ്രദമായെന്നായിരുന്നു റിപ്പോർട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് അനില്‍ കുംബ്ലെ ടീമിനൊപ്പം ചൊവ്വാഴ്ച പുറപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. വിന്‍‌ഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നല്‍കിയിരുന്നു.

ചാംപ്യൻസ് ട്രോഫി തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും കോച്ച് – ക്യാപ്റ്റൻ തമ്മിലടി തലപൊക്കിയിരുന്നു. പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്നു കോഹ്‍ലിയും, കളിക്കാർക്കു താൽപര്യമില്ലെങ്കിൽ തുടരില്ലെന്നു കുംബ്ലെയും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണു ബിസിസിഐ ഉപദേശകസമിതി ഇടപെട്ടത്. അനിൽ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണു ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഇതാണു രാജിയിലേക്കു നയിച്ചത്.

ലണ്ടനിൽനിന്നു നേരിട്ടു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു കോഹ്‌ലിയുടെ നിലപാട്. ഇന്ത്യൻ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേൽപിച്ചേക്കാമെന്ന സൂചനയുള്ളതിനാലാണു കോഹ്‌ലി ഉടക്കിയത്. അതിനിടെ, അണ്ടർ–19 പരിശീലകസ്ഥാനത്തു രാഹുൽ ദ്രാവിഡിനു രണ്ടുവർഷത്തേക്കുകൂടി കരാർ നീട്ടിനൽകുമെന്നു ബിസിസിഐ അറിയിച്ചു. എന്നാൽ, പരിശീലകനായിനിന്നുകൊണ്ട്, ഐപിഎൽ ടീമിന്റെ ഉപദേശകസ്ഥാനത്തു തുടരാൻ ദ്രാവിഡിന് അനുവാദമുണ്ടാകില്ല.