Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി ചർ‌ച്ച നടത്തി; 11 കരാറുകളിൽ ഒപ്പുവച്ചു

Narendra-Modi-Antonio-Costa ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയ്ക്കൊപ്പം. ചിത്രം: ട്വിറ്റർ.

ലിസ്ബൺ ∙ ത്രിരാഷ്ട്ര സന്ദർശനത്തിനു തുടക്കംകുറിച്ച് പോർച്ചുഗലിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചർ‌ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിമാനത്താവളത്തിൽ പോർച്ചുഗൽ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സിൽവയാണ് മോദിയെ സ്വീകരിച്ചത്. പോർച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. 

modi-portuguese-pm ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയ്ക്കൊപ്പം. ചിത്രം: ട്വിറ്റർ.

ഈ വർഷം ജനുവരിയിൽ കോസ്റ്റ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു പ്രധാനമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ മേഖലകളിൽ 11 കരാറുകളിൽ ഒപ്പുവച്ചു. ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി ഒഴിവാക്കൽ, നാനോ ടെക്നോളജി, സാംസ്കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലാണു സഹകരണത്തിനു ധാരണയായത്. പോർച്ചുഗൽ – ഇന്ത്യ ബിസിനസ് സ്റ്റാർട്ടപ്പ് ഹബ് മോദി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങൾക്കായി 40 ലക്ഷം യൂറോയുടെ സംയുക്ത ഫണ്ടും പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും കലാവസ്ഥാ പഠനങ്ങളിലും പരസ്പരം സഹകരിക്കാനും ധാരണയായി.

modi-portuguese-pm

ലിസ്ബണിലെ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തുകയും ചെയ്തു. ഇവിടെ സംഘടിപ്പിച്ച ചടങ്ങിൽ എത്തിച്ചേർന്ന ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ‘കഴിഞ്ഞ 70 വർഷത്തിനുള്ളിൽ പോർച്ചുഗൽ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ അഭിമാനമുണ്ട്. ശാസ്ത്രരംഗത്ത് മാത്രമല്ല, കായിക രംഗത്തും പോർച്ചുഗൽ ഇന്ത്യയുമായി അടുത്ത് നിൽക്കുന്നു. വിവിധ മേഖലയിൽ ഇന്ത്യ കുതിക്കുകയും പുതിയ ഉയരങ്ങൾ നേടുകയുമാണ്. ബഹിരാകാശ രംഗത്ത് നമ്മുടെ ശാസ്ത്രഞ്ജർ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. ഏറ്റവുമൊടുവിൽ 30 നാനോ സാറ്റ്ലൈറ്റുകളാണ് വിക്ഷേപിച്ചത്. ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിൽ നിങ്ങളുടെയെല്ലാം വലിയ സംഭാവനയുണ്ട്. നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ അംബാസിഡർമാരായി പ്രവർത്തിക്കുന്നത്’–  ലിസ്ബണില്‍ എത്തിയ ഇന്ത്യൻ സമൂഹത്തോട് നരേന്ദ്ര മോദി പറഞ്ഞു.

temple-in-Lisbon ലിസ്ബണിലെ ക്ഷേത്രത്തിൽ സന്ദർശനത്തിനായി എത്തിയ നരേന്ദ്ര മോദിയെ സ്വീകരിക്കുന്നു.

പോർച്ചുഗലിൽനിന്നു യുഎസിലേക്കു പോകുന്ന മോദി 26നു വാഷിങ്ടനിൽ പ്രസിഡന്റ് ട്രംപിനെ കാണും. പിന്നീട് 27ന് അദ്ദേഹം നെതർലൻഡ്സിലേക്കും പോകും.

related stories