Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിയന്തരാവസ്ഥ മറക്കാനാകുമോ? മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

Narendra-Modi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയാ പ്രഭാഷണപരിപാടിയായ ‘മൻ കി ബാത്തി’ൽ വിഷയമായി 1975ലെ അടിയന്തരാവസ്ഥയും. ഇത്തരം (അടിയന്തരാവസ്ഥ കാലത്തെ) ഇരുണ്ട ദിനങ്ങൾ മറക്കാനാകുന്നതല്ലെന്ന്, അടിയന്തരാവസ്ഥ ഏർപ്പെടുത്തി 42 വർഷങ്ങൾ പൂർത്തിയായ ദിനത്തിലെ മൻ കി ബാത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എക്കാലവും ഇന്ത്യയുടെ ബലമായി നിലകൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് നിതാന്ത ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസിലുള്ള പ്രധാനമന്ത്രി, രാജ്യത്തെ എല്ലാ മുസ്‍ലിം മത വിശ്വാസികൾക്കും ഈദുൽ ഫിത്റിന്റെ ആശംസകൾ നേർന്നു.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്കെതിരെ, ജനാധിപത്യ വിശ്വാസികൾ ശക്തിയുക്തം പോരാടിയ കാര്യവും മോദി അനുസ്മരിച്ചു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞുപോയ കാലത്ത് ഇന്ത്യൻ ജനാധിപത്യത്തിന് പോറലേൽപ്പിച്ച സംഭവങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. അതിൽനിന്നും പാഠമുൾക്കൊണ്ട് തീർത്തും ക്രിയാത്മകമായ ഒരു ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കുന്നതിലാകണം നമ്മുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം എന്നത് ഒരു സംവിധാനം മാത്രമല്ല. നമ്മുടെ സംസ്കാരം കൂടിയാണത്. 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയും അതിന്റെ പരിണിത ഫലങ്ങളും ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാർക്ക് മറക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയ്പ്രകാശ് നാരായണിനെപ്പോലുള്ള ഒട്ടേറെ നേതാക്കളാണ് ഇക്കാലയളവിൽ ജയിലഴിക്കുള്ളിലായത്. രാജ്യത്തെ നിയമവ്യവസ്ഥയെപ്പോലും അടിയന്തരാവസ്ഥയുടെ പരിണിത ഫലങ്ങൾ ബാധിച്ചു. മാധ്യമസ്വാതന്ത്ര്യമെന്നത് പൂർണമായും എടുത്തുമാറ്റപ്പെട്ടു – പ്രധാനമന്ത്രി അനുസ്മരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയേയും ജയിലടച്ച സംഭവം ഓർമിച്ച മോദി, അദ്ദേഹം അക്കാലത്ത് ജയിലിൽവച്ച് എഴുതിയ കവിതാശകലം ചൊല്ലുകയും ചെയ്തു.

related stories