Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാട്; വിമർശനവുമായി വിഎസ്

vs-achuthanandan..

തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസിൽ സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ'യെ വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. 'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്ന് വിഎസ് പറഞ്ഞു. സംഭവത്തിൽ വിഎസ് പ്രതികരിക്കണമെന്ന് പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ‘അമ്മ’യ്ക്കെതിരെ സിപിഎം നേതാക്കളായ എം.എ. ബേബിയും പി.കെ. ശ്രീമതി എംപിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഎസിന്റെയും വിമർശനം.

നടിയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകർക്കുനേരെ രോഷപ്രകടനം നടത്തിയ എംഎൽഎമാരായ മുകേഷിന്റേയും ഗണേഷ് കുമാറിന്റെയും നടപടി അപഹാസ്യമാണെന്നു സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും കുറ്റപ്പെടുത്തി. നടി ആക്രമിക്കപ്പെട്ടപ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്നവർ നടിയെ അധിക്ഷേപിച്ച് സംസാരിച്ച ദിലീപിന് സംരക്ഷണ കവചമൊരുക്കാനും മാധ്യമ ലേഖകരെ പ്രതിരോധിക്കാനും ചാടി വീണപ്പോൾ തങ്ങൾ ജനപ്രതിനിധികളാണെന്ന കാര്യം കൂടി ഓർക്കണമായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ പറഞ്ഞു.

ഇടതു മുന്നണിയുടെ പ്രഖ്യാപിത നിലപാടാണ് സ്ത്രീ സുരക്ഷയെന്ന് സജിലാൽ ചൂണ്ടിക്കാട്ടി. എൽഡിഎഫ് സ്ഥാനാർഥികളായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഇവർ സ്ത്രീ സുരക്ഷയ്ക്കായി നിലപാടു സ്വീകരിക്കേണ്ടതിനു പകരം വേട്ടക്കാരെ ന്യായീകരിച്ചത് അപലപനീയമാണ്. മണ്ഡലത്തിലെ വോട്ടർമാരോടും കേരള സമൂഹത്തിനോടും ബാധ്യതയുണ്ടെന്ന കാര്യം ഇവർ വിസ്മരിച്ചു. സഹപ്രവർത്തകയെ സഹായിക്കാത്ത സംഘടനയായ അമ്മ പിരിച്ചുവിടണമെന്നും ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷും പൊതു സമൂഹത്തോടു മാപ്പു പറയണമെന്നും സജിലാൽ ആവശ്യപ്പെട്ടു.