Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റിന്റെ ഗതിമാറി, ജലാംശം കുറഞ്ഞു; തേ‍ാരാമഴക്കാലം ഇനി ഒ‍ാർമ

Rain

പാലക്കാട് ∙  രണ്ടുംമൂന്നും ദിവസം തേ‍ാരാതെ പെയ്യുന്ന മഴ ഒ‍ാർമയായി മാറിയേക്കും. പെയ്യാതെ കൂട്ടമായും ചിതറിയും വഴിമാറിപ്പോകുകയാണു മഴമേഘങ്ങൾ. സാധാരണ ഈസമയത്തുണ്ടാകുന്നതിനെക്കാൾ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ജലാംശം കുറഞ്ഞതായും കാലാവസ്ഥ വിദഗ്ധർ പറയുന്നു. കാറ്റിന്റെ ഗതിമാറ്റമാണ് മഴക്കുറവിനു പ്രധാന കാരണം.

മുംബൈ തീരത്തുണ്ടായ ന്യൂനമർദ്ദത്തെ തുടർന്നാണു കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ ലഭിച്ചത്. ഇത്തവണ സാധാരണ പേ‍ാലെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെങ്കിലും മഴ കുറഞ്ഞേക്കുമെന്നു വിരമിച്ച കാലാവസ്ഥ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ സ്കൈമറ്റ് നിരീക്ഷിക്കുന്നു.

സംസ്ഥാനത്ത് ഇടവപ്പാതി മുതൽ (ജൂൺ ഒന്ന്) പുണർതം ഞാറ്റുവേല പകുതിവരെയെങ്കിലും (ജൂലൈ പകുതി) കനത്ത മഴ ലഭിക്കുന്നതായിരുന്നു രീതി. കഴിഞ്ഞമാസം ആദ്യം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നു മഴമേഘങ്ങൾ സജീവമായെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ മർദ്ദത്തെതുടർന്നു മേഘങ്ങൾ ചിതറി, കാറ്റു ദിശതെറ്റി.

ഈ അസാധാരണ സംഭവത്തിന്റെ കാരണം തേടുകയാണു ശാസ്ത്രജ്ഞർ. പിന്നീട് ഒറീസയിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്നു കാറ്റു വഴിമാറി രാജസ്ഥാൻ ഉൾപ്പെടെയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി കനത്തമഴ ലഭിച്ചു. സാധാരണ ജൂലൈ അവസാനമാണ് ഇവിടങ്ങളിൽ മഴ പെയ്യാറുള്ളത്.

ബംഗാൾ ഉൾക്കടലിൽ ഈ സമയത്ത് ഉണ്ടാകാറുളള ന്യൂനമർദ്ദം ഇത്തവണ രൂപപ്പെട്ടിട്ടില്ലെന്നു  മണിപ്പാൽ സർവകലാശാല സ്കൂൾ ഒ‍ാഫ് അറ്റ്മേ‍ാസ്ഫറിക് സയൻസിലെ പ്രഫ. എം.കെ.സതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് തെക്കൻ ജില്ലകളിലാണ് ഇതുവരെ കൂടുതൽ മഴ ലഭിച്ചത്.പ്രാദേശികമഴയാണു കൂടുതൽ.

Kottayam Rain

വയനാട്ടിലും പാലക്കാട്ടുമാണു മഴയുടെ അളവ് തീരെ കുറവ്. മേഘങ്ങൾ ഉയർന്ന പ്രദേശങ്ങളിലെത്തുമ്പേ‍ാൾ കനത്ത മഴ പെയ്യേണ്ടതാണെങ്കിലും മറിച്ചാണ് അനുഭവപ്പെടുന്നത്. പതിവിനു വിപരീതമായി കടലിൽ ഇടിയേ‍ാടുകൂടി കനത്തമഴയും കാറ്റും മേഘങ്ങളുടെ ചലനത്തിനു തടസമായെന്നാണു നിഗമനം.

മേഘം തണുത്തുറഞ്ഞു മഴ പെയ്യാനുളള സാഹചര്യം നിലവിലില്ല. ഗുജറാത്ത് തീരത്തും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപംകെ‍ാണ്ടു താമസിയാതെ നല്ലമഴ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണവിഭാഗം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി. മനേ‍ാജ് പറഞ്ഞു.