Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ ശമ്പള വർധന: നിർണായക ചർച്ച തിങ്കളാഴ്ച

Nurses Strike സമരമുഖം... അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്കു മുൻപിൽ നടക്കുന്ന ധർണ. ചിത്രം: മനോരമ

തിരുവനന്തപുരം∙ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് ആലോചിക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ച തിങ്കളാഴ്ച. സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശമ്പള പരിഷ്ക്കരണത്തില്‍ അനുകൂല തീരുമാനമുണ്ടാകുംവരെ സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.

Kerala Nurses Strike അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ആശിർവാദ് ആശുപത്രിക്കു മുൻപിൽ നടക്കുന്ന ധർണ. ചിത്രം: മനോരമ

അതിനിടെ, ‌കണ്ണൂരിലെ നഴ്സുമാരുടെ സമ‌രം ജില്ലയിലെ വിവിധ ആശുപത്രികളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അഞ്ചു സ്വകാര്യ ആശുപത്രികളിലെ സമരമാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കണ്ണൂരിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ആശുപത്രികൾക്കു മുൻപിൽ പന്തൽകെട്ടിയാണു സമരം.

പനിക്കാലത്തു നടത്തുന്ന സമരത്തിൽനിന്നു പിൻമാറണമെന്ന ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ആവശ്യം നഴ്സുമാർ തള്ളിക്കളഞ്ഞു. സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ സഹരിക്കുമെന്നു നഴ്സുമാർ അറിയിച്ചിട്ടുണ്ട്.

∙ സമരം ആറാം ദിവസത്തിലേക്ക്

Kerala Nurses Strike അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ആശിർവാദ് ആശുപത്രിക്കു മുൻപിൽ നടക്കുന്ന ധർണ. ചിത്രം: മനോരമ

ശമ്പള വർധന ആവശ്യപ്പെട്ടു കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക്. നഴ്സുമാരുടെ സമരം പ്രകടമായി ബാധിച്ചതോടെ പുതുതായി രോഗികളെ കിടത്തി ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല. നഴ്സിങ് വിദ്യാർഥി‍കൾ, നഴ്സിങ് ട്രെയിനികൾ എന്നിവരെ ഉപയോഗിച്ചാണ് ആശുപത്രികളു‍ടെ ദൈനംദിന പ്രവർത്തനം നീക്കുന്നത്.

നഴ്സിങ് വിദ്യാർഥികളെ യൂണിഫോം നൽകി എക്സ്ട്രാഡ്യൂട്ടി എന്ന നിലയിൽ രാത്രിയിലും നഴ്സിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി പരാതിയുണ്ട്. ഇത്തരത്തിൽ നാലു ദിവസമായി തുടർച്ചയായി ഡ്യൂട്ടിക്കു വിദ്യാർഥികളെ നിയോഗിച്ചതായി നഴ്സസ് അസോസിയേഷൻ ആരോപിക്കുന്നു. സുപ്രീം കോടതി വിധിയുണ്ടായിട്ടും ശമ്പളം വർധിപ്പിക്കാത്ത സാഹചര്യത്തിലാണു നഴ്സുമാർ സമരത്തിലേക്ക് നീങ്ങിയത്.

Kerala Nurses Strike അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ കൊയിലി ആശുപത്രിക്കു മുൻപിൽ നടക്കുന്ന ധർണ. ചിത്രം: മനോരമ

ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ കൊയിലി, ധനലക്ഷ്മി, ആശിർവാദ്, സ്പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണു ജോലിക്കു ഹാജരാകാതെ സമരം നടത്തുന്നത്. ഈമാസം പത്തുമുതൽ പയ്യന്നൂരിലെ സബ, അനാമിയ, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിൽ കൂടി സമരം ആരംഭിക്കാൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു.

ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ‍ലഭ്യമാക്കാൻ സമര പന്തലുകളിൽ അഞ്ചുവീതം പേരെ സജ്ജമാക്കിയാണു നഴ്സുമാരുടെ സമരം. നഴ്സുമാരുടെ സമരത്തിനു യൂത്ത് കോൺഗ്രസ്, കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു, യുവമോർച്ച, സിപിഐ, എഐവൈഎഫ്, എസ്ഡിപിഐ, മഹിള കോൺഗ്രസ്, നഴ്സസ് പാരന്റ്സ് അസോസിയേഷൻ എന്നിവ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സുമാർ, ആശിർവാദ് ആശുപത്രിക്കു മുന്നിൽ സമരം നടത്തുന്ന നഴ്സുമാർക്കു പിന്തുണയുമായെത്തി.