Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവധ വിഷയത്തിൽ ബിജെപിയും വിഎച്ച്പിയും അകലുന്നു

Yogi Adityanath Narendra Modi യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഗോരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നേതൃത്വവും ഇടയുമ്പോൾ നവതാരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദിച്ചുയരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് അയോധ്യ വിഷയത്തിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ വിഎച്ച്പി നേതാക്കൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചതിനു സമാനമാണു സാഹചര്യങ്ങൾ.

ഗോരക്ഷയുടെ പേരിൽ കൊലപാതകങ്ങൾ അരുതെന്ന നരേന്ദ്ര മോദിയുടെ പരസ്യ പ്രസ്താവനയോടുള്ള വിഎച്ച്പിയുടെ പ്രതികരണം അകൽച്ച പ്രകടമാക്കുന്നതായി. ഗോസംരക്ഷണത്തിനു ജനസംഘം താത്വികാചാര്യൻ ദീൻ ദയാൽ ഉപാധ്യായ നൽകിയിരുന്ന പ്രാധാന്യം ‘മിത്ര’ങ്ങൾ മനസിലാക്കണമെന്നു വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ മോദിക്കെതിരെ ഒളിയമ്പു തൊടുത്തു. രാജ്യത്തിന്റെ ഭാവിക്കു ഗോകേന്ദ്രീകൃത കൃഷിയാണു ദീൻ ദയാൽ ഉപാധ്യായ മുന്നോട്ടുവച്ചിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഗോമാംസം ഭക്ഷിക്കുന്നവർ ആ ഭക്ഷണശീലം ഉപേക്ഷിക്കാനാണ് മഹാത്മാഗാന്ധി ഉപദേശിച്ചത്. ഗോവധനിരോധന നിയമത്തിനായി ആചാര്യ വിനോബാ ഭാവെ മരണം വരെ നിരാഹാരത്തിനൊരുങ്ങി. ഗോവധനിരോധനത്തിന് കേന്ദ്രം നിയമം കൊണ്ടുവന്നു നടപ്പാക്കിയാലേ പ്രക്ഷോഭങ്ങൾ അവസാനിക്കുകയുള്ളുവെന്നാണു വിഎച്ച്പി നിലപാട്.

കൊലപാതകങ്ങളെ വിമർശിക്കുമ്പോൾ ഗോരക്ഷകർ കൊല്ലപ്പെട്ട സംഭവങ്ങളും ‘മിത്ര’ങ്ങൾ പരിശോധിക്കണമെന്നു ജെയിൻ പറഞ്ഞു. ഗോഹത്യ നടത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കണമെന്ന യുപി പൊലീസിന്റെ നിലപാടിനെ പ്രകീർത്തിച്ച സുരേന്ദ്ര ജെയിൻ, ഭാവി പ്രതീക്ഷകൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലാണെന്നും ധ്വനിപ്പിച്ചു.

വാജ്പേയി സർക്കാരിന്റെ കാലത്ത് അയോധ്യ രാമക്ഷേത്രനിർമാണ വാഗ്ദാനം നടപ്പാക്കാത്തതിൽ വിഎച്ച്പി നേതൃത്വം കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കി ഹിന്ദുതാൽപര്യം സംരക്ഷിക്കാൻ വിഎച്ച്പി നേതാവ് അശോക് സിംഗൾ ഇടയ്ക്കിടെ ബിജെപി നേതൃത്വത്തിന് ഉപദേശവും നൽകിയിരുന്നു.

വിഎച്ച്പി പ്രവർത്തകരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു പീഡിപ്പിക്കുന്നതായി കഴിഞ്ഞയാഴ്ച വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്തേക്കാൾ വിഎച്ച്പി – ബിജെപി ഭിന്നത ഉടലെടുക്കുന്നതിന്റെ സൂചനയാണ് തൊഗാഡിയയുടെ കത്ത്.

‘ഗോരക്ഷകർക്കെതിരെ ഇറച്ചി ലോബി’

ഗോവധ അനുകൂലികൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അൻപതിലേറെ പൊലീസുകാരെയും ഗോരക്ഷകരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും യഥാർഥത്തിൽ ഗോരക്ഷകർ ഭീകരരല്ല, ഇരകളാണെന്നും വിശ്വഹിന്ദു പരിഷത്. ഗോരക്ഷയുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിഎച്ച്പി നേതാവിന്റെ ഈ പരാമർശം.

ഗോരക്ഷയുടെ കാര്യത്തിൽ അക്രമത്തിനു സ്ഥാനമില്ല. എന്നാൽ എല്ലാവർക്കുമെന്നതുപോലെ ഗോരക്ഷകർക്കും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. ഗോരക്ഷാവ്രതമെടുത്തിട്ടുള്ളവരെ അവഹേളിക്കുകയാണ് ഇറച്ചി ലോബിയുടെ ലക്ഷ്യം – പരിഷത് രാജ്യാന്തര സെക്രട്ടറി സുരേന്ദ്ര ജയിൻ കുറ്റപ്പെടുത്തി.

‘നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ ഈയിടെ നടത്തിയ പ്രതിഷേധത്തെ ജയി‍ൻ വിമർശിച്ചു. ഈ പ്ലാക്കാർഡ് പിടിത്തക്കാർക്ക് സ്വാർഥ താൽപര്യമാണുള്ളത്. ഗോരക്ഷയെന്ന ദിവ്യപ്രതിജ്ഞയെ അവഹേളിക്കാനാണ് അവർ ശ്രമിക്കുന്നത്. കശ്മീരിൽ പോരാടുന്ന ധീര സൈനികരെ ചോദ്യം ചെയ്യുന്ന ഇവർ വധശിക്ഷ ലഭിച്ച യാക്കൂബ് മെമനു പിന്തുണ നൽകുകയും ചെയ്യുന്നു – അദ്ദേഹം പറഞ്ഞു.

related stories