Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡിഡ് ആക്രമണത്തിൽ കനത്ത നടപടിയുമായി ബ്രിട്ടൻ; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പരിഗണനയിൽ

Protest-in-Britain വംശീയ അതിക്രമങ്ങൾക്കെതിരെ ബ്രിട്ടനിൽ നടക്കുന്ന പ്രതിഷേധത്തിൽനിന്ന്

ലണ്ടൻ∙ ബ്രിട്ടനിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്ന ആസിഡ് ആക്രമണങ്ങളെ ചെറുക്കാൻ സർക്കാർ കർശന നടപടികൾ ആലോചിക്കുന്നു. അനുദിനം വർധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങൾ നഗരജീവിതത്തിനു ഭീഷണിയായ സാഹചര്യത്തിലാണു കനത്ത നടപടിയിലൂടെ ഇതിനെ നേരിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന വിധമുള്ള കർശന നിയമനിർമാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അംബർ റൂഡ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമായ സൂചനകൾ നൽകി. പാർലമെന്റിൽ അടുത്തദിവസം ഈ വിഷയം ചർച്ചചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ മന്ത്രി തയാറായില്ലെങ്കിലും പ്രതികൾക്കു കർശന ശിക്ഷ ഉറപ്പാക്കി ഈ ക്രൂരതയെ ഇല്ലാതാക്കാനാണു സർക്കാർ പദ്ധതി. 

കഴിഞ്ഞദിവസം രാത്രി ലണ്ടൻ നഗരത്തിൽ അഞ്ചിടങ്ങളിൽ ആസിഡ് ആക്രമണം ഉണ്ടായ സാഹചര്യത്തിലാണു സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ആസിഡ് ആക്രമണങ്ങൾ നഗരജീവിതം ആശങ്കയിലാഴ്ത്തിയിരുന്നു. ആരും ഒറ്റയ്ക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യത്തിലേക്കു കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നു കണ്ടതോടെയാണ് സർക്കാരിന്റെ നടപടി. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ജനവികാരവും സർക്കാരിന് എതിരായിരുന്നു. 

കൂടുതൽ വിദേശ വാർത്തകൾക്ക്

ആസിഡും മറ്റു പൊള്ളലേൽപിക്കാനുതകുന്ന ദ്രാവകങ്ങളും വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താനും ഇതു വാങ്ങാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചു വിവരങ്ങൾ രേഖപ്പടുത്താനും നീക്കമുണ്ട്. ലോകത്ത് നിലവിൽ ഏറ്റവും അധികം ആസിഡ് ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണു ബ്രിട്ടൻ. ഇതിനെതിരേ ചില പ്രതിപക്ഷനേതാക്കൾ പാർലമെന്റിന്റെ പെറ്റീഷൻസ് സൈറ്റിൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒപ്പിട്ടത് അഞ്ചുലക്ഷത്തോളം പേരാണ്. 

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാനൂറിലേറെ ആസിഡ് ആക്രമണങ്ങളാണ് ബ്രിട്ടനിൽ നടന്നത്. ഇവയിലേറെയും ലണ്ടനിലായിരുന്നു. ബ്ലീച്ച്, ആസിഡ്, അമോണിയ എന്നീ രാസവസ്തുക്കളാണ് പ്രധാനമായും ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇരകളെ മാനസികമായും ശാരീരികമായും തകർത്തുകളയുന്ന ഇത്തരം ആക്രമണങ്ങൾക്കു കാരണങ്ങൾ പലതാണ്. പ്രേമനൈരാശ്യം, വംശീയത, വ്യക്തിവിരോധം എന്നിങ്ങനെ കുടുംബപ്രശ്നങ്ങൾവരെ ആക്രമണങ്ങളിലേക്കു നയിക്കുന്നതായി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

related stories