Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരായ നാല് മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

Fishing Boat - Representational Image Representational Image

കൊളംബോ∙ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ നാല് ഇന്ത്യൻ മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച കോവിലന്റെ വടക്കു പടിഞ്ഞാറ് ഒൻപതു നോട്ടിക്കൽ മൈൽ അകലെ വച്ചാണു കൊളംബോയുടെ നോർത്തേൺ നേവൽ കമാൻഡ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ഇവരെ അറസ്റ്റ് ചെയ്തത്. മീൻപിടിത്തക്കാർക്കൊപ്പം അവരുടെ ബോട്ടും സേന പിടിച്ചെടുത്തു.

നാവിക ആസ്ഥാനമായ എസ്എൽഎൻഎസ് ഇലാറയിൽ എത്തിച്ചശേഷം മറ്റു നടപടികൾക്കായി ഇവരെ ജാഫ്ന അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടർക്കു കൈമാറും. കഴിഞ്ഞ മാസം 13ന് സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ഏഴോളം ഇന്ത്യൻ മീൻപിടിത്തക്കാരെയും ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. രാമേശ്വരത്തിനു സമീപമുള്ള മണ്ഡപത്തിൽനിന്നുള്ള മീൻപിടിത്തക്കാരാണിവർ.

സമുദ്രാതിർത്തി ലംഘിച്ചെന്നകേസിൽ പിടിയിലാകുന്നവർക്കു രണ്ടുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ ഏർപ്പെടുത്തി അടുത്തിടെ ശ്രീലങ്ക ബിൽ പാസാക്കിയിരുന്നു.