Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ സംഘർഷം: പിന്നിൽ പാക്കിസ്ഥാൻ, ആസൂത്രകർ വിഘടനവാദി നേതാക്കൾ

India Kashmir Protest

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലുണ്ടാകുന്ന സംഘർഷങ്ങൾക്കു പിന്നിൽ വിഘടനവാദി നേതാക്കൾക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തുന്ന തെളിവ് പുറത്ത്. സയീദ് അലി ഷാ ഗീലാനി ഒപ്പിട്ട പ്രതിഷേധ കലണ്ടർ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായിരുന്ന ബുർഹാൻ വാനിയുടെ മരണത്തിനു പിന്നാലെയാണു കശ്മീർ താഴ്‌വരയിൽ സംഘർഷമുടലെടുത്തത്. എവിടെ, എന്ന് പ്രതിഷേധം നടത്തണമെന്നാണു കലണ്ടറിൽ പറയുന്നത്. പ്രാദേശിക സംഘർഷങ്ങളിൽ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തണമെന്നും ഇതിൽ വിശദമാക്കുന്നുണ്ട്. ഇതോടെ സംഘർഷത്തിനു പിന്നിൽ പാക്കിസ്ഥാൻ തന്നെയാണെന്നു വ്യക്തമായിരിക്കുകയാണ്.

ഗീലാനിയുടെ മരുമകനായ അട്‌ലഫ് അഹമ്മദ് ഷായുടെ കയ്യിൽനിന്നാണു പ്രതിഷേധ കലണ്ടർ കണ്ടെത്തിയത്. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുന്നതിനും മരണപ്പെടുന്നതിനും കാരണമായ പ്രതിഷേധം താഴ്‍വരയിൽ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടതല്ലെന്നും കൃത്യമായ പദ്ധതിയിലൂടെ ആസൂത്രണം ചെയ്തതാണെന്നും തെളിയിക്കുന്നതാണു കലണ്ടർ. പ്രതിഷേധങ്ങൾ തുടരുന്നതു സൈന്യത്തിനും സർക്കാരിനും വിമർശനമാകുന്നതിനിടെയാണു ഈ വിവരങ്ങൾ പുറത്തുവന്നത്.

കശ്മീർ താഴ്‌വരയിൽ ഭീകരപ്രവർത്തനത്തിനു വിദേശപണം ലഭിക്കുന്നതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി അൽതാഫ് അഹമ്മദ് ഷാ, തെഹ്‌രികെ ഹൂറിയത് വക്താവ് അയാസ് അക്ബർ എന്നിവരുൾപ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. എൻഐഎ ഇവരുടെ വസതികളിൽ റെയ്ഡു നടത്തി അക്കൗണ്ട് ബുക്കുകളും നിരോധിത ഭീകര സംഘടനയുടെ ലെറ്റർ ഹെഡുകളും രണ്ടുകോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇക്കൂട്ടത്തിൽനിന്നാണു ഗീലാനി ഒപ്പുവച്ച പ്രതിഷേധ കലണ്ടറും കണ്ടെത്തിയത്.