Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജഡേജച്ചുഴലി’യിൽ തകർന്നടിഞ്ഞ് ലങ്ക; ഇന്നിങ്സ് ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര

Cheteshwar Pujara ശ്രീലങ്കൻ താരത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

കൊളംബോ ∙ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ മുമ്പൻമാരായ രവീന്ദ്ര ജഡേജയും ആർ.അശ്വിനും ചേർന്ന് ചമച്ച ‘സ്പിൻ ചക്രവ്യൂഹം’ ഭേദിക്കാനാകാതെ ഉഴറിയ ശ്രീലങ്കയ്ക്ക്, കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ വൻ തോൽവി. കുശാൽ മെൻ‍ഡിസും ദിമുത് കരുണരത്‌നയും സെഞ്ചുറിയുമായി പടനയിച്ചിട്ടും, ലങ്കയുടെ തോൽവി ഇന്നിങ്സിനും 53 റണ്‍സിനും. ഒരു ദിവസത്തെ കളി ബാക്കി നിൽക്കെ രണ്ടാം ഇന്നിങ്സിൽ ആതിഥേയരെ 386 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 304 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ ഉറപ്പാക്കി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടുകയും മൽസരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമൻ.

സ്കോർ: ശ്രീലങ്ക – 183, 386. ഇന്ത്യ – 622/9 ഡിക്ലയേർഡ്.

ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടവുമായി ആർ.അശ്വിൻ ലങ്കയെ തകർത്തപ്പോൾ, രണ്ടാം ഇന്നിങ്സിൽ ഈ നിയോഗം രവീന്ദ്ര ജഡേജ ഏറ്റെടുത്തു. 39 ഓവറിൽ 152 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിൻ, പാണ്ഡ്യ എന്നിവർ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയശേഷം കളത്തിലിറങ്ങിയ ആദ്യ മൽസരത്തിൽ ഏഴു വിക്കറ്റ് വീതം പിഴുത ജഡേജയും അശ്വിനും പ്രതിഭയ്ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്.

Dimut-Karunaratne

ലങ്കൻ ഇന്നിങ്സിൽ സെഞ്ചുറി കണ്ടെത്തിയ ദിമുത് കരുണരത്‌‍ന (141), കുശാൽ മെൻഡിസ് (110) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 191 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചത്. ഉപുൽ തരംഗ (2), പുഷ്പകുമാര (16), ദിനേശ് ചണ്ഡിമൽ (2), ഏഞ്ചലോ മാത്യൂസ് (36), നിരോഷൻ ഡിക്ക്‌വല്ല (31), ദിൻറുവാൻ പെരേര (4), ഡിസിൽവ (17), രംഗണ ഹെറാത്ത് (പുറത്താകാതെ 17) ഫെർണാണ്ടോ (1) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം.

sp-ashwin

ഒന്നാം ഇന്നിങ്സിൽ 439 റൺസിന്റെ കൂറ്റൻ ലീഡു വഴങ്ങി ഫോളോ ഓൺ ചെയ്തപ്പോൾ തന്നെ ലങ്ക തോൽവിയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. തോൽവി എത്രകണ്ട് വൈകിക്കാൻ ലങ്കൻ താരങ്ങൾക്കാകും എന്നതു മാത്രമായിരുന്നു നാലാം ദിനത്തിലെ ചോദ്യം. കരുണരത്‌ന, ചണ്ഡിമൽ, മാത്യൂസ് തുടങ്ങിയ വമ്പൻമാരെ കറക്കി വീഴ്ത്തിയ ‘ജഡേജച്ചുഴലി’, ലങ്കൻ തോൽവി വേഗത്തിലാക്കി.

മൽസരത്തിലെ ചില ഹൈലൈറ്റുകൾ

∙ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആർ.അശ്വിനും (54), രവീന്ദ്ര ജഡേജയും (പുറത്താകാതെ 70) അർധസെ‍ഞ്ചുറി നേടിയിരുന്നു. ലങ്കയുെട ഒന്നാം ഇന്നിങ്സിൽ അശ്വിനും രണ്ടാം ഇന്നിങ്സിൽ ജഡേജയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചു. ഒരു ടീമിലെ രണ്ടു താരങ്ങൾ അർധസെഞ്ചുറി നേടുകയും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്യുന്നത് ടെസ്റ്റ് ചരിത്രത്തിൽ ഇതു മൂന്നാം തവണ മാത്രം.

∙ ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിന്റെ രണ്ടാം വിക്കറ്റിൽ മെൻഡിസ്–കരുണരത്‌ന സഖ്യം കൂട്ടിച്ചേർത്തത് 191 റൺസ്. ഫോളോഓൺ ചെയ്യുമ്പോൾ ശ്രീലങ്കൻ താരങ്ങൾ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. 20011–12 സീസണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാത്യൂസ്–സമരവീര സഖ്യം കൂട്ടിച്ചേർത്ത 142 റൺസിന്റെ കൂട്ടുകെട്ടാണ് പഴങ്കഥയായത്.

∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും ഉയർന്ന ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്നത്തേത്. ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ഒന്നാം ഇന്നിങ്സ് ലീഡു കൂടിയാണിത്.

∙ രവീന്ദ്ര ജഡേജ ടെസ്റ്റിൽ 150 വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 51–ാം ടെസ്റ്റിലാണ് ജഡേജ 150 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇടംകയ്യൻ ബോളറാണ് ജഡേജ. 54–ാം െടസ്റ്റിൽ 150 വിക്കറ്റ് നേട്ടത്തിലേക്കെത്തിയ ഓസീസ് താരം മിച്ചൽ ജോൺസന്റെ റെക്കോർഡാണ് ജഡേജ തകർത്തത്.

related stories