Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനിയുടെ യാത്ര തടയാനാണോ കർണാടകയുടെ ശ്രമം? വിമർശനവുമായി സുപ്രീം കോടതി

Abdul Nasar Madani

ന്യൂഡൽഹി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകുന്നതിനു ഭീമമായ സുരക്ഷാചെലവ് ഈടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണ്. ഒരു കാരണവശാലും ഇത്രയും രൂപ ഈടാക്കുന്നത് അനുവദിക്കാനാകില്ല. പൊലീസുകാരുടെ വേതനം സർക്കാരാണു നൽകേണ്ടത്. മഅദനിയുടെ യാത്ര തടയാനുള്ള ശ്രമമായി ഇതിനെ കണക്കാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവിനെ ഗൗരവമായി കാണണമെന്നും സുപ്രീം കോടതി പറഞ്ഞു.

മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് അനുമതി നല്‍കിയ ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ചിനു മുന്‍പിലാണു പരാതി ബോധിപ്പിച്ചത്. കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്‍റെ ശ്രമമെന്നു മഅദനി ആരോപിച്ചു. മുന്‍പു കേരളത്തിലെത്തിയപ്പോള്‍ നാല് അംഗരക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥാനത്താണ് 19 പേരുടെ സംഘത്തെ ഇപ്പോൾ നിയോഗിച്ചതെന്നും കോടതിയെ ബോധിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മഅദനിക്കു വേണ്ടി ഹാജരായി.

സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാൽ കേരളത്തിലേക്കു തൽക്കാലം വരുന്നില്ലെന്നു മഅദനി അറിയിച്ചിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണു യാത്ര മുടങ്ങിയത്. എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉൾപ്പെടെ വഹിക്കണമെന്നാണു കർണാടക സർക്കാർ ആവശ്യപ്പെട്ടത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാനാണു സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.

അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഈമാസം ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യ ഹർജിയിൽ ഇളവു നൽകണമെന്നായിരുന്നു മഅദനി ആദ്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടർന്നു മഅദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണു കേരളത്തിൽ പോകാൻ അനുമതി കിട്ടിയത്. ബെംഗളൂരു സ്ഫോടന കേസിലെ 31-ാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്.

related stories