Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി: അതീവ രഹസ്യമായി നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം

athirappilly

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ട്രാന്‍സ്ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുണ്ട്. 

അതിരപ്പിള്ളി പദ്ധതിക്കു ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി ഏതാനും ദിവസത്തിനകം അവസാനിക്കും. ഇതിനു മുന്നോടിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുന്നണിക്കുള്ളില്‍നിന്ന് സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. 

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി എം.എം.മണി ഇന്നലെ സഭയിൽ പറഞ്ഞിരുന്നു. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം, വനഭൂമി വനേതരപ്രവർത്തങ്ങൾക്കായി വിനിയോഗിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കെഎസ്ഇബി പൂർത്തിയാക്കിട്ടുണ്ട്​. കേന്ദ്ര വൈദ്യുത അതോറിറ്റി, കേന്ദ്ര ജല കമ്മിഷൻ എന്നിവയുടെ പഠനത്തിന്റെ വെളിച്ചത്തിലാണു പദ്ധതി സംസ്​ഥാനത്തിനു ഗുണകരമാകുമെന്നു കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു.