Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ദിനത്തിൽ ഓർക്കാം, ‘വലതൻ’മാരുടെ ലോകത്ത് ‘ഇടതന്‍’മാരുടെ നൊമ്പരങ്ങൾ

left-handed user

ലോകഇടംകൈദിനമായ ഇന്ന് ഭൂരിപക്ഷ ‘വലതൻ’ന്മാർക്ക് ഒരു ചെറുവെല്ലുവിളി: ഇന്ന് ഒരു ദിവസം വലതു കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ഇടതു കൈകൊണ്ട് ശ്രമിച്ചു നോക്കാമോ? അധികം വേണ്ട, ഒരു സാധാരണകത്രികകയോ, പെൻസിൽ കട്ടറോ ഉപയോഗിച്ച് കാണിച്ചാൽ മതിയാകും. വലംകൈയ്യൻമാരുടെ മാത്രം സൗകര്യങ്ങൾ മുൻനിർത്തി രൂപഘടനചെയ്തിട്ടുള്ള ഉപകരണങ്ങൾ നിറഞ്ഞ ഈ ലോകത്ത് ഇടംകൈക്കാർ അനുഭവിക്കുന്ന ചില പ്രയാസങ്ങൾ അപ്പോഴേ ബോദ്ധ്യപ്പെടൂ. കത്രിക,പെൻസിൽ കട്ടർ, ടിൻ ഒാപ്പണർ, നോട്ട്പാഡുകൾ, സ്കെയിൽ തുടങ്ങി ഉപകരണങ്ങളോ യന്ത്രങ്ങളോ എന്തും വലതുകൈയ്യുടെ സൗകര്യത്തിനാണ് നിർമ്മിച്ചിരിക്കുന്നത്. കതകിന്റെ കുറ്റി തുറക്കാൻ വലതുകൈയാണെങ്കിൽ എളുപ്പം. കാർ സ്റ്റാർട്ടാക്കാൻ കീ തിരിക്കേണ്ടത് വലത്തോട്ട്. എന്തിന് ഊണു കഴിക്കാനിരുന്നാൽ ഇലയിടുന്നത് പോലും വീതി കൂ‌ടിയ വശം വലതുഭാഗത്ത് വരുന്ന തരത്തിൽ!

ഇനി ലോകത്തിന്റെ വിശാലതയിലേക്കിറങ്ങിയാലോ? ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ലക്ഷണദോഷമായി കാണുന്നവർ ഇന്നുമുണ്ട്. ഹാൻഡ് ഷേക്ക് ശരിക്കും ഹാന്‍‍‍ഡ് ഷേക്കാകണമെങ്കിൽ വലതുകൈ തന്നെ കുലുക്കണം. ‌ഇടംകൈസല്യൂട്ട് ആദരവിന് പകരം അപമാനമായേക്കാം. പ്രതിജ്ഞയെടുക്കണമെങ്കിൽ വലംകൈയാണ് സത്യം. പണമായാലും പാരിതോഷിതമായാലും വലതുകൈനീട്ടി വാങ്ങണമെന്ന് നാട്ടുനടപ്പ്. ‘ഇടത്തോട്ടാണ്’ എന്ന് ഉദ്ദേശിക്കുന്നത് തന്നെ നല്ല കാര്യങ്ങളെയല്ല. ഇതെല്ലാം  ഇവിടുത്തെ മാത്രം കാര്യമൊന്നുമല്ല. ലോകമെങ്ങും ഇടതുകൈയ്യൻമാർക്ക് അവഗണനകളുടെ അനുഭവങ്ങളാണ് ചരിത്രം.  പൈശാചികതയുടെ അടയാളമായിരുന്നു ഇടതുവശം. പണ്ട് കാലത്ത് അവലക്ഷണമായി വരെ കരുതിയിരുന്നു. ജപ്പാൻകാരും യൂറോപ്യരും അറബികളും ഒന്നും ഇക്കാര്യത്തിൽ ഭിന്നരല്ല. ദുഷ്ടമായ, കുടിലമായ,അമംഗളമായ എന്നൊക്കെ അർത്ഥമുള്ള ‘സിനിസ്റ്റർ’ എന്ന പദത്തിന് ഇടതുഭാഗം എന്നും അർഥമുണ്ട്. ഇടതുകൈയ്യൻമാർക്ക് സംഘടിക്കാൻ ഇതിനപ്പുറം കാര്യങ്ങൾ വേണോ?

അങ്ങനെ അവർ സംഘടിച്ചുണ്ടായ സംഘടനയാണ് ലെഫ്ററ് ഹാൻഡേഴ്സ് ക്ളബ്.സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒാഗസ്റ്റ് 13 ഇടങ്കൈയ്യൻമാരുടെ ദിനമായി ആചരിക്കുന്നു. ഇടതുകൈയ്യൻമാർക്ക് ഉപയോഗിക്കാനായി പ്രത്യേകം രൂപകൽപനചെയ്ത ഉപകരണങ്ങൾ പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ഒരു പ്രധാനലക്ഷ്യം. ഇടതുകൈവശമുള്ള കുട്ടികളുടെ രക്ഷകർത്താകൾക്കുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നു. ലോകജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന ഇടംകൈയ്യൻമാരുടെ ആവശ്യങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനും, ഇടതുകൈയ്യനാകുക എന്നത് വളരെക്കുറച്ച് പേർക്ക് ലഭിക്കുന്ന ‘പ്രിവിലേജ്’ ആണെന്ന ബോദ്ധ്യം പുതുക്കാനും ഈ ദിനം ഉപയോഗിക്കുന്നു.

അമേരിക്കയുടെ ‘ഇടതുപക്ഷം’

മഹാരഥൻമാരായ ഇടംകൈയ്യൻമാരുടെ നിര തന്നെയുണ്ട്. എങ്കിലും അമേരിക്കൻ പ്രസിഡന്റുമാരുടെ കാര്യം ശ്രദ്ധേയം. ജെറാൾഡ് ഫോഡ്, റൊണാൾഡ് റെയ്ഗൻ, ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബറാക് ഒബാമ എന്നിവർ ഇടംകൈയ്യാരായിരുന്നു. പിക്കാസോ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ തുടങ്ങി മികച്ച കലാകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും പ്രമുഖഇടംകൈനിരയിലുണ്ട്. നിവിൻപോളിയുടെ ‘ഇടംകൈ’ അടി ചില സിനിമകളിലെ ഹൈലൈറ്റായിരുന്നല്ലോ. സ്പോർട്സിലും ഒരു പിടി ഗ്ളാമർ താരങ്ങൾ ഇടതൻമാർ തന്നെ. ഇടംകൈയുടെ സ്വാധീനം കൊണ്ട് ക്രിക്കറ്റ്, ടെന്നീസ് പോലെ ചില കളികളിൽ കൂടുതൽ മികവ് പ്രകടിപ്പിക്കാമെന്ന് കരുതപ്പെടുന്നു.

എന്തു കൊണ്ട് ചിലർക്ക് ഇടംകൈ?

പത്തിലൊരാൾ മാത്രമാണ് ഇടംകൈയ്ക്ക് കൂടുതൽ സ്വാധീനമുള്ളവർ. ഇതിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ജനിതിക കാരണങ്ങളാലാണ് ചിലർ ഇടംകൈയ്യൻമാരായിത്തീരുന്നതെന്നാണ് ഗവേഷകർ പറയുന്നത്. കൈയ്യുടെ സ്വാധീനവുമായി ബന്ധപ്പെടുന്ന ജീനുകളിലെ ഉപവിഭാഗങ്ങളായ ‘ഡി’ ജീനുകളും ‘സി’ ജീനകളിലും തമ്മിലുള്ള ഏറ്റക്കുറച്ചിലനുസരിച്ചാണ് ഇങ്ങനെ സംഭവിക്കുന്നതത്രെ. മസ്തിഷ്ക്കത്തിന്റെ ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തെയും അതുപോലെ മറിച്ചുമാണ് നിയന്ത്രിക്കുന്നത്. ഇടംകയ്യരായ കുട്ടികളെ ആ ശീലത്തിൽ നിന്ന് മാറ്റാൻ മാതാപിതാക്കൾ ശ്രമിക്കാതിരിക്കുക. ശരീരത്തിന്റെ നിയന്ത്രണകേന്ദ്രം മസ്തിഷ്കത്തിന്റെ ഒരുവശത്തുനിന്ന് മറുവശത്തേക്കു നീങ്ങുമ്പോൾ ചില കുട്ടികൾക്ക് സ്വഭാവവൈകല്യം, സംസാരതടസം, ഒാർമ്മക്കുറവ് , തുടങ്ങിയ ചില പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.