Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് തവണ കത്തെഴുതി, കുട്ടികൾക്ക് ഓക്സിജനുള്ള പണം തന്നില്ല: മുൻ പ്രിൻസിപ്പൽ

Rajiv Mishra ഗോരഖ്പുർ ബിആർഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര. ചിത്രം: എഎൻഐ ട്വിറ്റർ

ഗോരഖ്പുർ ∙ ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബിആർഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ കുട്ടികളുടെ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പ്രിൻസിപ്പൽ. ഒന്നിലേറെ പ്രാവശ്യം കത്തെഴുതിയിട്ടും ബിജെപി സർക്കാർ ഗൗരവത്തിൽ എടുക്കാതിരുന്നതാണു ദുരന്ത തീവ്രത കൂട്ടിയതെന്നാണ് ആരോപണം. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ഡോ. രാജീവ് മിശ്രയുടെ വെളിപ്പെടുത്തൽ 'സ്ക്രോൾ.ഇൻ' ആണ് പ്രസിദ്ധീകരിച്ചത്.

Baba Raghav Das Medical College Hospital in Gorakhpur

'ഓക്‌സിജന്‍ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുള്‍പ്പെടെ ഫണ്ട് ആവശ്യപ്പെട്ട് താന്‍ ജൂലൈയില്‍ മാത്രം മൂന്നു–നാലു തവണ സര്‍ക്കാരിനു കത്തെഴുതി. സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ട് ജൂലൈയില്‍ പലവട്ടം മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിനും കത്തയച്ചു. പക്ഷെ, വൈകിയാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണു സര്‍ക്കാര്‍ ഫണ്ട് റിലീസ് ചെയ്തത്. അന്ന് ശനിയാഴ്ചയായതിനാല്‍ ഏഴിനാണ് കത്ത് മെഡിക്കൽ കോളജിൽ എത്തിയത്. ഏഴിനുതന്നെ വൗച്ചര്‍ ട്രഷറിയിലേക്ക് അയച്ചു. പിറ്റേ ദിവസമാണ് ട്രഷറിയില്‍ നിന്ന് ടോക്കണ്‍ ലഭിച്ചത്. പക്ഷെ ഒമ്പതാം തീയതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെഡിക്കൽ കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുമൂലം ആശുപത്രിയുടെ താളം തെറ്റി.

ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായതിനാൽ തനിക്ക് ലബോറട്ടറിയുമായി ബന്ധപ്പെട്ട് ഒമ്പതിന് ഋഷികേശ് വരെ പോകേണ്ടി വന്നു. ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്ന പുഷ്പ സെയ്ല്‍സില്‍ നിന്നും പത്താം തീയതി ഫോണ്‍ വന്നു. ദ്രവീകൃത ഓക്‌സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയില്‍ എത്തില്ലെന്നായിരുന്നു വിതരണക്കാര്‍ പറഞ്ഞത്. വിതരണം നിര്‍ത്തുമെന്നും മുന്നറിയിപ്പ് നല്‍കി. പത്താം തീയതിയാണ് ബാങ്ക് വഴി പുഷ്പ സെയ്ല്‍സിന്റെ അക്കൗണ്ടിലേക്ക് 52 ലക്ഷം രൂപ നിക്ഷേപിച്ചത്. ആശുപത്രിയുടെയും ഓക്‌സിജന്‍ വിതരണക്കാരുടെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ അല്ലാത്തതിനാൽ ഇടപാട് പൂര്‍ത്തിയാകാന്‍ വീണ്ടും ഒരു ദിവസം കൂടി വേണ്ടിവന്നു. എന്നാൽ ഓക്സിജൻ വിതരണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പത്ത് ലക്ഷത്തിലധികം കുടിശിക പാടില്ലെന്ന് ഓക്സിജൻ കമ്പനിയുമായി കരാറുണ്ടായിരുന്നു'- മിശ്ര വിശദീകരിച്ചു.

Baba Raghav Das Medical College Hospital in Gorakhpur കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുഞ്ഞിനെ സന്ദർശിക്കുന്നു. ചിത്രം: എഎൻഐ ട്വിറ്റർ.

അതിനിടെ, ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടർക്കെതിരെ സർക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ നടപടി എടുത്തതു വിവാദമായി. ആശുപത്രിയില്‍ ഒാക്സിജന്‍ എത്തിച്ച ഡോക്ടർ കഫീൽ‌ അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്തതാണ് വിവാദമായത്. ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ സ്വന്തം പണംമുടക്കിയാണ് പലയിടത്തുനിന്നായി ആശുപത്രിയിൽ ഓക്സിജൻ കൊണ്ടുവന്നത്. മസ്തിഷ്കജ്വരത്തിനു ചികില്‍സയിലായിരുന്ന എഴുപതിലധികം കുട്ടികൾ ഓക്സിജൻ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത് രാജ്യത്തെ നടുക്കയതിനു പിന്നാലെയാണു ഡോക്ടറെ ശിക്ഷിച്ചതെന്നതു ശ്രദ്ധേയമാണ്.

Kafeel Ahmed Khan ഗോരഖ്പുരിലെ ബിആർഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ മരിച്ച കുഞ്ഞുങ്ങളിലൊരാളെ സങ്കടത്തോടെ നോക്കുന്ന ശിശുരോഗ വിഭാഗം തലവൻ ഡോ. കഫീല്‍ അഹമ്മദ് ഖാന്‍. ചിത്രം: ട്വിറ്റർ

അതേസമയം, സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് തയാറായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ആശങ്ക’യുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കൊപ്പം ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഡൽഹിയിൽ നിന്നും ഒരു സംഘം ഡോക്ടർമാർ ചികിൽസയ്ക്കായി എത്തിയിട്ടുണ്ട്. 1996–97 കാലം മുതൽ മസ്തിഷ്ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണ്. യുപിയിൽ ധാരളം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ടയാളാണ് താൻ. ഇനിയും അത് അനുവദിക്കില്ല. ബിആർഡി ആശുപത്രിയിലേക്ക് ഇത് തന്റെ നാലാമത്തെ സന്ദർശനമാണ്. മുറിവിൽ ഉപ്പുപുരട്ടുന്ന തരത്തിൽ വിവാദമുണ്ടാക്കുന്നത് മനുഷ്യത്വമില്ലാത്തവരാണ്. കൂട്ടമരണത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യാതെ മാധ്യമങ്ങൾ ആശുപത്രിക്ക് അകത്ത് വന്ന് കാര്യങ്ങൾ മനസിലാക്കണം. മാധ്യമപ്രവർത്തകർക്ക് ആശുപത്രി വാർഡുകളിൽ കടക്കാമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാർഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ. വിവാദ സംഭവം പുറത്താകുന്നതിനു മുൻപും യോഗി ആദിത്യനാഥ് ഇവിടം സന്ദർശിച്ചിരുന്നു.

Read More: ഗോരഖ്പുർ ദുരന്തത്തിൽ മൗനം വെടിഞ്ഞ് ആദിത്യനാഥ്; അന്വേഷണം പ്രഖ്യാപിച്ചു

Gorakhpur Kid

മരിച്ച കുഞ്ഞുങ്ങളോടും അനാദരവ്

മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് കാണിക്കുന്നത്. ആംബുലൻസുകൾ അനുവദിക്കാതെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഒാട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ഞായറാഴ്ച ആയതിനാൽ ആംബുലൻസുകൾ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉൾവശം. രോഗികളായ കുട്ടികളും അവർക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയിൽ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു.

Read More: വൻദുരന്തം സംഭവിച്ചത് യോഗി ആദിത്യനാഥിന്റെ ‘മാതൃക’ ആശുപത്രിയിൽ

ഒാക്സിജൻ ക്ഷാമം ഉണ്ടായില്ലെന്ന് സർക്കാർ

കുടിശികയായ 64 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഓക്‌സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിയതാണു ദുരന്തകാരണമെന്നാണു സൂചന. എന്നാൽ കുട്ടികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മസ്‌തിഷ്‌കജ്വരം ബാധിച്ചു ഗുരുതരാവസ്‌ഥയിലായിരുന്നവർ ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണു പീഡിയാട്രിക് വിഭാഗം നൽകിയ റിപ്പോർട്ടെന്നു സംസ്‌ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ അധികൃതർ കാണിച്ച അലംഭാവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്‌തമാണ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.