Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെന്ന വികാരം നെഞ്ചേറ്റി സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് കനത്ത ജാഗ്രത

Narendra Modi Red Fort

ന്യൂഡൽഹി∙ ഇന്ത്യയെന്ന വികാരം നെഞ്ചിലേറ്റി രാജ്യം 71–ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും സന്നദ്ധസേവനം നടത്തിയും പ്രായഭേദമന്യേ ജനങ്ങൾ ആഘോഷത്തിൽ അണിചേർന്നു. ഭീകരാക്രമണ ഭീഷണിയുടെയും അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളിയുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണു ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.

ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. 1942 മുതൽ 1947 വരെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രാജ്യം കൂട്ടായ്മയുടെ കരുത്ത് തെളിയിച്ചെന്നും അതേ കൂട്ടായ്മയും അർപ്പണവും വരുന്ന അഞ്ചു വർഷവും കാണിക്കണമെന്നും 'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെ മോദി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഗോരഖ്പുർ സർക്കാർ ആശുപത്രിയിൽ എഴുപതിലധികം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

ദോക്‌ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈനികരെ പ്രശംസ കൊണ്ടു മൂടിയാണ് മോദി പ്രസംഗിച്ചത്. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതോടെ ഇന്ത്യൻ സേനയുടെ കരുത്ത് ലോകം അംഗീകരിച്ചതായി മോദി പറഞ്ഞു. കരയെന്നോ കടലെന്നോ ആകാശമെന്നോ ഭേദമില്ലാതെ സദാസമയം സജ്ജരായി രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയാണ് സർക്കാരിന്റെ മുഖ്യ അജൻഡയെന്ന മോദിയുടെ പ്രഖ്യാപനം ചൈനയ്ക്കുള്ള മറുപടിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

കേരളത്തിലും ആഘോഷം

കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു പിണറായിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ഏതെങ്കിലും ചിഹ്നത്തിന്‍റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിനു വഴിവയ്ക്കില്ലെന്നും ദേശീയതയില്‍ വിഷമോ വെള്ളമോ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളില്‍ സര്‍ക്കാരിനു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഘോഷത്തിനിടെ വിവാദങ്ങളും

അതിനിടെ, ജില്ലാ കലക്ടറുടെ വിലക്കു ലംഘിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിൽ ദേശീയ പതാക ഉയർത്തിയത് വിവാദമായി. എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരം. ഇതു വകവയ്ക്കാതെയാണു മോഹൻ ഭാഗവത് രാവിലെ സ്കൂളിൽ ദേശീയ പതാക ഉയർത്തിയത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവരും മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, യോഗി ആദിത്യനാഥ്, മമത ബാനർജി, ചന്ദ്രബാബു നായിഡു, മെഹബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ശിവരാജ് സിങ് ചൗഹാൻ, നിതീഷ് കുമാർ, ദേവേന്ദ്ര ഫഡ്നാവിസ്, സർബാനന്ദ സോനോവാൾ, എടപ്പാടി പളനിസാമി തുടങ്ങിയവരും ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

രാജ്യം കനത്ത സുരക്ഷയിൽ‌

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ 47,000 സുരക്ഷാസൈനികരെയാണ് അധികമായി വിന്യസിച്ചിട്ടുള്ളത്. സ്വാതന്ത്ര്യദിനാഘോഷം നടന്ന ചെങ്കോട്ടയിലും അഞ്ചു കിലോമീറ്റർ സമീപപ്രദേശവും പഴുതടച്ച സുരക്ഷയിലാണ്. 90 കമ്പനി സൈനികരാണ് ഇവിടെ സുരക്ഷാച്ചുമതല നിർവഹിക്കുന്നത്.

ചെങ്കോട്ടയിൽ ഉൾപ്പെടെ പലയിടത്തും വ്യോമ പ്രതിരോധ, ഡ്രോൺ പ്രതിരോധ സന്നാഹങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. അഞ്ഞൂറോളം സിസിടിവികൾ‌ അധികമായി സ്ഥാപിച്ചു. ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി പൊലീസ്, പാരാമിലിട്ടറി സേന എന്നിവരെക്കൂടാതെ എൻഎസ്ജി അംഗങ്ങളും സുരക്ഷ ഒരുക്കുന്നുണ്ട്. കശ്മീരിൽ കഴിഞ്ഞദിവസങ്ങളിൽ ഹിസ്ബുൽ കമാൻഡർ ഉൾപ്പെടെ നിരവധി ഭീകരരെ സൈന്യം വധിച്ചതിന്റെ പ്രതികാര നടപടികൾ ഉണ്ടായേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ആകാശത്തിലൂടെ പറക്കുന്ന പാരാ മോട്ടോർസ്, ഹാങ് ഗ്ലൈഡറുകൾ, ഹോട്ട് ബലൂൺ, പാരാഗ്ലൈഡേർസ്, ആളില്ലാ ചെറുവിമാനങ്ങൾ, മൈക്രോലൈറ്റ് വിമാനങ്ങൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ സുരക്ഷാസേന കർശനമായി നിരീക്ഷിക്കുമെന്ന് ഡൽഹി പൊലീസ് വക്താവ് മഥുർ വർമ്മ പറഞ്ഞു. ചെങ്കോട്ടയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തി. കെട്ടിടങ്ങളുടെ മുകളിലുൾപ്പെടെ നിർണായക കേന്ദ്രങ്ങളിലെല്ലാം എൻഎസ്ജി ഒളിപ്പോരാളികൾ നിലയുറപ്പിച്ചിട്ടുണ്ട്. ഹോട്ടലുകളും കടകളും ഗെസ്റ്റ് ഹൗസുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ ഗതാഗത നിയന്ത്രണവും സുരക്ഷാസേന ഏറ്റെടുത്തു. സംശയകരമായ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ബോംബ് സ്ഫോടന ഭീഷണിയെത്തുടർന്ന്, സംശയം തോന്നുന്ന ഒരു വസ്തുവിലും ജനങ്ങൾ തൊടരുതെന്നു ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.

related stories