Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസെടുക്കേണ്ടത് സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ: കെ.സുരേന്ദ്രൻ

K-Surendran

കോഴിക്കോട് ∙ സ്വാതന്ത്ര്യദിനത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ.സുരേന്ദ്രൻ വീണ്ടും രംഗത്ത്. കേസ് എടുക്കേണ്ടത് മോഹൻ ഭഗവതിനെതിരെയല്ല, മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെയാണെന്നു സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാലക്കാട് മൂത്താന്തറ കർണകി അമ്മൻ സ്കൂളിലാണു വിലക്കു ലംഘിച്ചു മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തിയത്.

അർധരാത്രിയിൽ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും കലക്ടറും എസ്പിയും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ കേന്ദ്ര ഏജൻസികൾ ഇടപെടണമെന്നും സമൂഹമാധ്യമത്തിൽ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ദേശീയ പതാക ഉയർത്തിയതു സർക്കാർ നിർദേശത്തിന്റെ ലംഘനമാണെന്നു ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. സ്കൂളുകളിൽ ദേശീയ പതാക ഉയർത്തേണ്ടതു സ്ഥാപന മേധാവികളോ ജനപ്രതിനിധികളോ ആയിരിക്കണമെന്ന നിർദേശം ലംഘിച്ചെന്നാണു റിപ്പോർട്ടിലുള്ളത്. സംഘടനാ നേതാക്കൾ എയ്ഡഡ് സ്കൂളിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നതു സർക്കാർ നിർദേശത്തിനു വിരുദ്ധമാണെന്നു വ്യക്തമാക്കി ജില്ലാ ഭരണകൂടം 14നു രാത്രി 11.30ന് സ്കൂൾ അധികൃതർക്കു നോട്ടിസ് നൽകിയിരുന്നു.

കെ. സുരേന്ദ്രന്റെ കുറിപ്പ്:

കേസെടുക്കേണ്ടത് മോഹൻജീ ഭഗവതിനെതിരെയല്ല. മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെയാണ്. കശ്മീരിൽ ഇത്തരം നീക്കത്തിനെതിരെ എല്ലാ വർഷവും കേസുകൾ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവു കാണിക്കുന്നതും കുറ്റമാണ്. അർധരാത്രിയിൽ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും കലക്ടറും എസ്പിയും അടക്കമുള്ളവർക്കെതിരെ കേസെടുക്കണം. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അടിയന്തിരമായി ഇടപെടണം.