Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി

K K Shailaja

കൊച്ചി ∙ ബാലാവകാശ കമ്മിഷൻ നിയമനത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെ.കെ.ശൈലജയ്ക്ക് കോടതിയിൽനിന്നു ആശ്വാസത്തിന്റെ പിടിവള്ളി. മന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങളാണു ഡിവിഷൻ ബെഞ്ച് നീക്കിയത്. എന്നാൽ കമ്മിഷനിലെ രണ്ട് അംഗങ്ങളുടെ നിയമനം കഴിഞ്ഞദിവസം റദ്ദാക്കിയതിൽ കോടതി ഇടപെട്ടില്ല.

ബാലാവകാശ കമ്മിഷനിൽ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണു നീക്കിയത്. കേസിൽ മന്ത്രി കക്ഷിയായിരുന്നില്ലെന്നു നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, മന്ത്രിയുടെ വാദങ്ങൾ കോടതി കേട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബുധനാഴ്ചയാണു സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണു സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. സിപിഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നും കോടതി വിലയിരുത്തി.

ഈ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്സ് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 29നു സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തി. ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സർക്കാർ, ഇതേപേരിൽ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടിയും വന്നു.

related stories