Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തനത്തിൽ പാർട്ടിക്ക് അതൃപ്തി; ശൈലജയുടെ മന്ത്രിസ്ഥാനം തെറിക്കുമോ?

KK Shailaja

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ.കെ.ശൈലജയുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി. മന്ത്രിസഭ അധികാരത്തിലെത്തി ഒരുവർഷം പിന്നിടുമ്പോഴും പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനം സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയെന്നും പാർട്ടിക്കുള്ളിലെ വിമർശകർ ആരോപിക്കുന്നു. ചുരുങ്ങിയപക്ഷം, കെ.കെ.ശൈലജയിൽനിന്ന് ആരോഗ്യവകുപ്പ് എടുത്തുമാറ്റി സർക്കാരിന്റെ മുഖം മിനുക്കണമെന്നാണു പാർട്ടിക്കുള്ളിലെ അഭിപ്രായം.

വകുപ്പു സെക്രട്ടറിയുടെ നിയന്ത്രണത്തിലാണു മന്ത്രിയെന്നു ഘടകകക്ഷികളും ആരോപിക്കുന്നു. പനിമരണങ്ങൾ കൂടിയതിലൂടെ സർക്കാരിനു മോശം പ്രതിഛായയുണ്ടായതും അനായാസമായി പരിഹരിക്കാൻ കഴിയുമായിരുന്ന മെഡിക്കൽ പ്രവേശന നടപടികൾ താറുമാറായതും ഹൈക്കോടതിയിൽനിന്നു രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നതും ഭരണത്തിൽ മന്ത്രിയുടെ നിയന്ത്രണമില്ലായ്മയാണു വ്യക്തമാക്കുന്നതെന്ന അഭിപ്രായമാണു ഘടകക്ഷികൾക്ക്.

മന്ത്രിയുടെ ഓഫിസും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫിസും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും കാര്യങ്ങളെ വഷളാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ പ്രകടനപത്രികയിലുള്ള കാര്യങ്ങളിൽപ്പോലും വേഗത്തിൽ തീരുമാനമെടുക്കാൻ സെക്രട്ടറിയുടെ ഓഫിസ് തയാറാകുന്നില്ലെന്നും ഫയലുകളിലെ തീരുമാനം തങ്ങളെ അറിയിക്കുന്നില്ലെന്നും മന്ത്രിയുടെ ഓഫിസ് കുറ്റപ്പെടുത്തുന്നു. മെഡിക്കൽ പ്രവേശന നടപടികളിൽ വീഴ്ചയുണ്ടായതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശമാണു മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിക്കു നൽകിയത്. പഴ്സനൽ സ്റ്റാഫിൽ ചില മാറ്റങ്ങൾ വരുത്തി കൂടുതൽ പരിചയമുള്ളവരെ നിയമിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ അനാവശ്യമായി ഭരണത്തിൽ കൈകടത്തുന്ന സ്ഥിതി തുടരുന്നതായാണു പാർട്ടിയുടെ വിലയിരുത്തൽ. ഇതിൽ എങ്ങനെ മാറ്റം കൊണ്ടുവരാമെന്ന ആലോചനയാണ് പാർട്ടിയിൽ പുരോഗമിക്കുന്നത്.

മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന അഭിപ്രായമൊന്നും പാർട്ടി നേതൃത്വത്തിനില്ല. മറിച്ച്, ഭരണത്തിൽ വേഗതയുണ്ടാകണമെന്ന അഭിപ്രായമാണുള്ളത്. ഇതിനു വകുപ്പുമാറ്റം എന്ന നിർദേശം ഇടയ്ക്ക് ഉയർന്നുവന്നിരുന്നു. പുതുതായി രൂപീകരിക്കുന്ന വനിതാ വകുപ്പിന്റെ ചുമതല കെ.കെ.ശൈലജയ്ക്കു നൽകി ആരോഗ്യവകുപ്പിന്റെ മന്ത്രിയായി പുതിയ ഒരാളെ നിയമിക്കണമെന്ന നിർദേശമാണ് ഉയർന്നത്. ജി.സുധാകരന് ആരോഗ്യം നൽകണമെന്ന രീതിയിലും അനൗദ്യോഗിക ചർച്ചകൾ നടന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. പുതിയ സാഹചര്യത്തിൽ ഈ ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. 

സർക്കാരിനു തലവേദനയായി മന്ത്രിമാർ

എൽഡിഎഫ് സർക്കാർ അധികാരത്തിലേറി 142–ാം ദിവസം വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടിവന്നു. ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിച്ചതായി ആരോപണം ഉയർന്നതിനെത്തുടർന്നായിരുന്നു രാജി. സർക്കാർ അധികാരത്തിലെത്തി 305–ാം ദിവസം ഫോൺ കെണിയിൽ കുടുങ്ങി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ. ഒരു വർഷം പിന്നിട്ട സർക്കാരിന് മന്ത്രിസഭാംഗങ്ങൾതന്നെ തലവേദന സൃഷ്ടിക്കുന്നതിനാണ് സംസ്ഥാനം സാക്ഷിയാകുന്നത്.