Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരന്റെ ലക്ഷ്യം ഒപിഎസും ഇപിഎസും; 19 എംഎൽഎമാർക്കു ‘മറുപണി’

OPS-Palanisami പനീർസെൽവവും പളനിസാമിയും.(ഫയൽ ചിത്രം)

ചെന്നൈ ∙ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരെയും സസ്പെന്‍ഡ് ചെയ്യാന്‍ സ്പീക്കര്‍ക്ക് ചീഫ് വിപ്പിന്റെ ശുപാര്‍ശ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണു നടപടിക്കു ശുപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന് ഇതിനുള്ള അധികാരമില്ലെന്ന നിലപാടിലാണ് ദിനകരന്‍ വിഭാഗം. അതേസമയം സംഭവത്തിന്മേൽ വിശദീകരണം ആവശ്യപ്പെട്ടു ഗവർണർ എംഎൽഎമാർക്കു നോട്ടിസ് അയച്ചു. പളനിസാമിക്കുള്ള പിന്തുണ എന്തുകൊണ്ട് പിന്‍വലിച്ചു എന്നതിന്മേലാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ തങ്ങളു‌ടെ ലക്ഷ്യം അണ്ണാഡിഎംകെയെ തകർക്കുകയല്ലെന്നും മുഖ്യമന്ത്രി പളനിസാമിയുടെയും ഉപമുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ ഒ.പനീർസെൽവത്തിന്റെയും രാജിയാണെന്നും ദിനകരൻ പക്ഷം പറയുന്നു. ‘ഒരു എംഎൽഎ പോലുമല്ലാതിരിക്കെ ദിനകരനു മുഖ്യമന്ത്രിയാകണമെന്നു യാതൊരു ആഗ്രഹവുമില്ല. അതിനു വേണ്ടിയല്ല അദ്ദേഹം പാർട്ടിയെ നയിക്കുന്നത്’– ശശികലയുടെയും ദിനകരന്റെയും ഏറ്റവും അടുത്ത അനുയായികളിലൊരാളായ എംഎൽഎ പി.വെട്രിവേൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ പി.ധനപാലനാണു വരുന്നതെങ്കില്‍ പോലും തങ്ങള്‍ക്കു സമ്മതമാണെന്നും വെട്രിവേൽ പറയുന്നു. നേരത്തേ ശശികലയു‌ടെ സഹോദരൻ വി.ദിവാകരനും സ്പീക്കറെ മുഖ്യമന്ത്രിയാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം പളനിസാമിയെയും പനീർസെൽവത്തെയും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കുന്നു. ആരു‌ടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും അഴിമതിക്കാരായ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജി വച്ചൊഴിയണമെന്നും വെട്രിവേൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പളനിസാമിയുടെ ‘അമ്മ’ പക്ഷം പനീർസെൽവം വിഭാഗത്തോടൊപ്പം ചേർന്നത് എന്നതിനു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിനെ താഴെയിറക്കാൻ യാതൊരു ഉദ്ദേശവും തങ്ങൾക്കില്ലെന്നും ദിനകരൻ പക്ഷം വ്യക്തമാക്കുന്നു. സർക്കാരിന് എതിരെ വോട്ടു ചെയ്യുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പളനിസാമിയെ മാറ്റുകയും, പനീർസെൽവത്തിന്റെ വരവിന് വിശദീകരണവും മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുച്ചേരിയിലെ റിസോർട്ടിൽ കനത്ത പൊലീസ് കാവലിലാണ് ഇപ്പോൾ 18 എംഎൽഎമാരുള്ളത്. എതിർപക്ഷത്തു നിന്ന് ചില എംഎൽഎമാരും മന്ത്രിമാരും തങ്ങളുമൊത്ത് ചർച്ചയ്ക്ക് തയാറായിട്ടുണ്ടെന്നും വെട്രിവേൽ പറഞ്ഞു. എന്നാൽ അവരുടെ പേരുകൾ പുറത്തുപറയാൻ അദ്ദേഹം തയാറായില്ല.

റിസോർ‌ട്ടിലെ എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും മറുപ‌ടി വന്നിട്ടുണ്ട്. തികച്ചും ‘സ്വാതന്ത്ര്യം’ നിറഞ്ഞ അന്തരീക്ഷമാണ് റിസോർട്ടിലെന്നും തങ്ങളുടെ ഐക്യം വ്യക്തമാക്കാനാണ് എല്ലാവരും ഒരുമിച്ചു കൂടിയതെന്നും എംഎൽഎമാർ പറയുന്നു. ഇതിനിടെ, പാർട്ടിയിലെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യവുമായും വിവിധ എംഎൽഎമാർ രംഗത്തെത്തിയി‌ട്ടുണ്ട്.