Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ, വാട്സാപ്പ്, ലൈംഗികത, ബീഫ്, മദ്യം; വിധി ബാധകമാകുന്നത് എന്തിനൊക്കെ?

Aadhar Card

ന്യൂഡൽഹി∙ സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി തീർപ്പുകൽപ്പിച്ചതോടെ ചർച്ചകളുടെ ലോകം വിശാലമായി. സ്വകാര്യതയുടെ അതിരിൽ എന്തെല്ലാം കാര്യങ്ങൾ വരുമെന്നും നിലവിൽ നിയന്ത്രണമുള്ള എന്തെല്ലാം സംഗതികൾ ഒഴിവാകുമെന്നുമാണു രാജ്യം ഉറ്റുനോക്കുന്നത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നട‍ത്താനാവില്ലെന്നുമാണു സുപ്രീം കോടതി വ്യക്തമാക്കിയത്.

ആധാര്‍ ഉൾപ്പെടെ ഇരുപതിലധികം കേസുകളിലാണു കോടതിവിധി പ്രതികൂലമായതോടെ കേന്ദ്ര സർക്കാരിനു നിലപാട് തിരുത്തേണ്ടി വരിക. ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സാപ്പ്.. എന്നിങ്ങനെയുള്ള വിഷയങ്ങളിലെ നിലപാടുകളും നിയമങ്ങളും വ്യാപകമായി ചോദ്യം ചെയ്യപ്പെടും. ഇനിയും വ്യക്തത വരാനുണ്ടെങ്കിലും നിയമവിദഗ്ധർ‌ ചൂണ്ടിക്കാട്ടുന്ന മുഖ്യ സാധ്യതകൾ ഇവയെല്ലാമാണ്.

∙ എളുപ്പമാകില്ല ആധാർ

യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ എതിർക്കുകയും എൻഡിഎ അധികാരത്തിലേറിയപ്പോൾ ബിജെപി സജീവമാക്കുകയും ചെയ്ത പദ്ധതിയാണ് ആധാർ. തുടക്കത്തിലെ വിവാദങ്ങളുടെ അകമ്പടിയുണ്ട്. നിയമപോരാട്ടങ്ങളും നടന്നു. സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലേക്കു നയിച്ചതും ആധാറാണ് എന്നതാണ് ശ്രദ്ധേയം. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമുണ്ടാകും. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരിൽ ആധാർ ഉപയോഗിച്ചു വ്യക്തികളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു കനത്ത തിരിച്ചടിയാണ് വിധി.

ക്ഷേമപദ്ധതികൾക്ക് (ഗ്യാസ് സബ്സിഡി, പെൻഷൻ പോലുള്ളവ) ആധാർ തുടർന്നു ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറാനുള്ള ശ്രമം നടക്കില്ല. ആധുനിക കാലത്ത് ബയോമെട്രിക് ഡേറ്റയാണ് വ്യക്തികളുടെ സ്വകാര്യത. അതിനാൽ ഡിജിറ്റൽ രേഖകൾ ജീവൻ പോലെ സൂക്ഷിക്കാനും സ്വകാര്യമായി വയ്ക്കാനുമുള്ള അവകാശം പൗരനുണ്ടെന്ന് വിധി അടിവരയിടുന്നു. പാനും ആധാറും ബന്ധിപ്പിക്കുന്നതു പോലെ, സകല ഇടപാടുകൾക്കും ആധാർ വേണമെന്ന് നിർബന്ധം പിടിക്കുക സാധ്യമല്ല.

ആധാർ ഇല്ലെങ്കിലും സേവനങ്ങൾ പൗരനു നൽകേണ്ടി വരും. ആധാറിന് വേണ്ടിയുള്ള വിവരശേഖരണം സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് തെളിയിക്കേണ്ടതായും വരും. മാത്രമല്ല, മറ്റ് ഡിജിറ്റൽ ഇടപാടുകളിലെ (എടിഎം പോലുള്ളവ) ഡേറ്റകൾ ഹാക്കർമാരിലേക്കു ചോർന്നുപോകാതെ സംരക്ഷിക്കേണ്ട ചുമതലയും സർക്കാരിനായി.

∙ വിവരം എടുക്കാനാകാത്ത വാട്സാപ്

വാട്സാപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യത്തിനു അവരറിയാതെ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. രാജ്യത്തെ പ്രധാന ടെക് കമ്പനികളെല്ലാം വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷ മുൻനിർത്തി സർക്കാർ ഏജൻസികളും വിവരശേഖരണം നടത്തുന്നുണ്ട്. ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി മുൻനിര കമ്പനികൾ ഇന്ത്യയിൽ നിലപാട് മാറ്റേണ്ടിവരും.

സമൂഹമാധ്യമത്തിലെ സ്വകാര്യത സംരക്ഷിക്കണമെങ്കിൽ അതിൽനിന്നു മാറിനിന്നുകൂടെ എന്നാണ് നേരത്തെ കോടതി ചോദിച്ചത്. എന്നാൽ പുതിയ വിധിയിലൂടെ ഉത്തരവാദിത്തം സർക്കാരിനായി. പൗരന്മാരുടെ വാട്സാപ്പിലെ സ്വകാര്യ ഡേറ്റകൾ സർക്കാരിനെ അറിയിക്കേണ്ടതില്ലെന്നും സർക്കാർ അറിയേണ്ടതില്ലെന്നുമാണ് വിധിയുടെ ആകെത്തുക. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ ഇന്നത്തെ കാലത്ത് സ്വകാര്യതാനയം കമ്പനികളും സർക്കാരുകളും പുതുക്കേണ്ടി വരും.

∙ ശിക്ഷിക്കാനാവില്ല ലൈംഗികതയെ

സ്വകാര്യത സംബന്ധിച്ച വിധി ഏറ്റവുമധികം ചർച്ചയാകുന്ന മറ്റൊരു മേഖല ലൈംഗികതയാണ്. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷ സമൂഹത്തിനു വിധി നേട്ടമായേക്കുമെന്നാണ് വിലയിരുത്തൽ. ഭരണഘടന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. എന്നാൽ മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലെ പ്രധാനപ്പെട്ട വിഭാഗമാണ് ലൈംഗിക ന്യൂനപക്ഷവും. ജീവിക്കാനുള്ള അവകാശം പോലും അന്യമാകുന്ന വിഭാഗങ്ങളാണ് എൽജിബിടി (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍) എന്നറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷം.

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു തടസ്സം. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയും പുരുഷനും അല്ലാത്തവർ തമ്മിലുള്ള രതി ഇന്ത്യയിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ വകുപ്പിനെതിരെ നിരന്തര സമരങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, സുപ്രീം കോടതി വിധിയിലൂടെ ഐപിസി 377 മറികടക്കാമെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ കരുതുന്നത്. തന്റെ ലൈംഗികത തിരഞ്ഞെടുക്കാൻ അതത് വ്യക്തികൾക്ക് അവകാശമുണ്ടാകും.

∙ ആവോളമാകുമോ ബീഫും മദ്യവും ?

വ്യക്തിയുടെ സ്വകാര്യതയ്ക്കു മേലുള്ള യാതൊരു നിയന്ത്രണവും പാടില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഭക്ഷണവും ആനന്ദവുമെല്ലാം സ്വകാര്യത തന്നെ. ഈ പശ്ചാത്തലത്തിലാണ് ബീഫ്, മദ്യ നിരോധനങ്ങൾ ചർച്ചയിലേക്കു വരുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബീഫ് നിരോധനമുണ്ട്. കശാപ്പിനായുള്ള കന്നുകാലി കച്ചവടം നിയന്ത്രിച്ചതിലൂടെ കേന്ദ്ര സർക്കാരും ഫലത്തിൽ രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പിലാക്കി. ബീഫ് നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് വാദം. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രത്തിൻമേലുള്ള വെല്ലുവിളി.

സർക്കാർ ഒത്താശയോടെ നടക്കുന്ന ബീഫ് റെയ്ഡുകള്‍ ഇനി തുടരാനാകില്ലെന്നു ചുരുക്കം. മദ്യത്തിന്റെ കാര്യത്തിലും വിധി ചലനം സൃഷ്ടിക്കും. പല സംസ്ഥാനങ്ങളിലും മദ്യനിരോധനമുണ്ട്. മദ്യം കഴിക്കുന്നത് വ്യക്തിയുടെ ഇഷ്ടമായതിനാൽ സർക്കാരിന് എത്രമാത്രം എതിർക്കാനാകുമെന്നും കാത്തിരുന്നുകാണണം. നിയമതടസ്സമുന്നയിച്ച് കോടതിയെ സമീപിച്ചാൽ മദ്യനയം പുനഃപരിശോധിക്കേണ്ടി വന്നേക്കാം. അതായത് ബീഫ് നിരോധനവും മദ്യനിരോധനവും ഭാവിയിൽ എടുത്തുകളഞ്ഞേക്കാം (പ്രതീക്ഷ മാത്രം മതിയെന്ന് വിദഗ്ധർ).

related stories