Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത പണമിടപാട്: പ്രമുഖ ഇറച്ചി വ്യാപാരി മൊയിൻ ഖുറേഷി അറസ്റ്റിൽ

Moin-Qureshi-Arrested അറസ്റ്റിലായ പ്രമുഖ ഇറച്ചി വ്യാപാരി മൊയിൻ ഖുറേഷി. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ രാജ്യത്തെ പ്രമുഖ ഇറച്ചി വ്യാപാരി മൊയിൻ ഖുറേഷി അറസ്റ്റിൽ. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് മൊയിൻ ഖുറേഷിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ഇന്ന് ഡൽഹിയിലെ കോടതിയിൽ ഹാജരാക്കും. ഹവാല ഇടപാട്, വിദേശത്തെ അനധികൃത സമ്പാദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്.

കാൻപുരിൽനിന്നുള്ള ഇറച്ചി വ്യാപാരിയായ മൊയിൻ ഖുറേഷിയ്ക്കെതിരെ സിബിഐ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമപ്രകാരം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ദുബായിലേക്കുള്ള യാത്രയ്ക്കിടെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് അധികാര കേന്ദ്രങ്ങളുമായി വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലും പ്രശസ്തനാണ്. എൻഡിഎ മുന്നണിയുമായും അടുപ്പമുണ്ട്.

സിബിഐ ഡയറക്ടർ, മൊയിൻ ഖുറേഷിയുടെ സുഹൃത്താണെന്ന് ആരോപണമുയർന്നിരുന്നു. ആദായനികുതി അടയ്ക്കാതെ ഒളിച്ചുനടക്കുന്നതിൽ മുൻപനാണു മൊയിൻ ഖുറേഷി എന്നാണു പറയപ്പെടുന്നത്. വിദേശത്തുമാത്രം 200 കോടിയേലെറെ രൂപ ഖുറേഷി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 2011ലാണ് ഖുറേഷി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽവന്നത്. മകളുടെ ആർഭാട വിവാഹമാണു ഖുറേഷിയെ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചത്.

ആരാണ് മൊയിൻ ഖുറേഷി

∙ മൊയിൻ അക്തർ ഖുറേഷി എന്നാണു മുഴുവൻ പേര്. ഡെറാഡൂൺ ഡൂൺ സ്കൂൾ, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കെ പൊതുപ്രവർത്തനങ്ങളിലും സജീവം.

∙ 1993ലാണു ബിസിനസിലേക്കു കടന്നത്. ഉത്തർപ്രദേശിലെ റാംപുരിൽ ചെറിയ അറവുശാല തുടങ്ങി. വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി വ്യാപാരികളിൽ ഒരാളായി. ഇറച്ചി കയറ്റുമതിയാണു പ്രധാനം.

∙ ഖുറേഷിക്ക് 25 കമ്പനികൾ സ്വന്തമായുണ്ട്. മൃഗങ്ങളുടെ കുടലും അനുബന്ധ ഭാഗങ്ങളും കയറ്റുമതി ചെയ്യുന്ന എഎംക്യു അഗ്രോ ആണ് മുഖ്യകമ്പനി.

∙ മദ്യരാജാവ് പോണ്ടി ഛദ്ദയുമായി കൂട്ടുചേർന്ന് 1995ൽ ബിസിനസ് വിപുലപ്പെടുത്തി.

∙ ഡൽഹി ഛത്തർപുരിലുള്ള ഖുറേഷിയുടെ ഫാം ഡിസൈൻ ചെയ്തത് പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്ട് ജീൻ–ലൂയിസ് ഡിനോട്ട് ആണ്. ഡിസൈൻ മാഗസിനുകളിൽ ഈ ഫാമിന്റെ പ്രത്യേകതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

∙ ഖുറേഷിയുടെ മകൾ പെർനിയ ഫാഷൻ സ്റ്റോർ നടത്തുന്നുണ്ട്. ലണ്ടനിലെ ചാർട്ടേഡ് അക്കൗണ്ടന്റ് അജിത് പ്രസാദ് ആണ് ഭർത്താവ്. മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദുമായി കുടുംബത്തിന് അടുത്തബന്ധം.