Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ വിവരങ്ങൾ സിഐഎ ചോർത്തി; വെളിപ്പെടുത്തലുമായി വിക്കിലീക്സ്

Aadhar Card

ന്യൂഡൽഹി∙ ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാർ യുഎസ് ചാരസംഘടന സിഐഎ ചോർത്തിയതായി റിപ്പോർട്ട്. വിക്കിലീക്സ് ആണ് നിർണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വിക്കിലീക്സ് പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാർ. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാർ നമ്പർ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹിക ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണ് സിഐഎ ചോർത്തിയിരിക്കുന്നത്. എന്നാൽ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ചോർത്തിയത് ഇങ്ങനെ

രഹസ്യരേഖകൾ ചോർത്തുന്ന സിഐഎ പദ്ധതിയായ ‘എക്സ്പ്രസ് ലൈൻ’ ആണ് വിക്കിലീക്സ് പുറത്തുവിട്ടത്. ഇതിലാണ് ആധാർ ചോർച്ചയെപ്പറ്റി വിശദീകരിക്കുന്നത്. ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ), ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്), ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) എന്നിവയെ മറികടന്നാണ് സിഐഎ എക്സ്പ്രസ് ലൈനിനായി രേഖകൾ ശേഖരിച്ചതെന്നു വിക്കിലീക്സ് ചൂണ്ടിക്കാട്ടുന്നു.

ലോകമാകെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള സിഐഎയുടെ വിഭാഗമാണ് ഒടിഎസ് (ഓഫിസ് ഓഫ് ടെക്നിക്കൽ സർവീസസ്). രാജ്യങ്ങൾ ദേശസുരക്ഷയുടെ ഭാഗമായി ‘സ്വമേധയാ പങ്കുവയ്ക്കുന്ന’ വിവരങ്ങൾ പോരെന്നു തോന്നിയതിനാലാണു സിഐഎ സ്വന്തംനിലയ്ക്കു രഹസ്യമായി ചോർത്തൽ തുടങ്ങിയത്. ബയോമെട്രിക് വിവരശേഖരണം നടത്തുന്ന സോഫ്റ്റ്‍വെയർ പുതുക്കുന്ന വേളയിൽ ഒടിഎസ് ഏജന്റുമാർ ‘എക്സ്പ്രസ് ലൈൻ’ ഇൻസ്റ്റാൾ ചെയ്താണു പദ്ധതിക്കു കളമൊരുക്കിയത്. ഒരിക്കലും സംശയം തോന്നാത്തവിധമായിരുന്നു ഇവരുടെ പ്രവർത്തനം.

ചുക്കാൻ പിടിച്ചത് ക്രോസ് മാച്ച്

ബയോമെട്രിക് സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖ യുഎസ് കമ്പനിയാണ് ക്രോസ് മാച്ച്. ഒട്ടുമിക്ക രാജ്യങ്ങളിലും ബയോമെട്രിക് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ക്രോസ് മാച്ചിന്റെ ഉത്പന്നങ്ങളാണ്. 2012ൽ ക്രോസ് മാച്ചിനെ ഫ്രാൻസിസ്കോ പാർട്ണേർസ് ഏറ്റെടുത്തു. എൺപതിലധികം രാജ്യങ്ങളിലായി അയ്യായിരത്തിലധികം സുരക്ഷാ ഏജൻസികളാണു ക്രോസ് മാച്ച് ഉപയോഗിക്കുന്നത്. സിഐഎ വിഭാഗമായ ഒടിഎസ് രഹസ്യപദ്ധതിക്കു കണ്ടെത്തിയതും ക്രോസ് മാച്ചിനെതന്നെയാണ്. പാക്കിസ്ഥാനിൽ ഒളിച്ചിരുന്ന ഉസാമ ബിൻ ലാദനെ നിരീക്ഷിക്കാൻ യുഎസ് സൈന്യം ക്രോസ് മാച്ചിനെ ഉപയോഗിച്ചിരുന്നതായി നേരത്തേ വാർത്ത വന്നിരുന്നു.

ഇന്ത്യയിൽ ആധാർ തയറാക്കിനൽകുന്ന സ്ഥാപനമായ യുഐഡിഎഐ (യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റ് ഓഫ് ഇന്ത്യ) ഉപയോഗിച്ചിരുന്നത് ക്രോസ് മാച്ച് ആണ്. ഇതിനായി 2011ലാണ് കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടുന്നത്. വിരലടയാളം ഒപ്പിയെടുക്കുന്ന ഗാർഡിയൻ, കൃഷ്ണമണികളെ പകർത്തുന്ന ഐ സ്കാൻ എന്നീ ഉപകരണങ്ങൾ‌ ക്രോസ് മാച്ചിന്റേതാണ്. രാജ്യത്താകമാനം ഏറ്റവുമധികം ഉപയോഗിച്ചതും ക്രോസ് മാച്ചിന്റെ ഉപകരണങ്ങളാണ്. സ്മാർട്ട് ഐഡന്റിറ്റി ഡിവൈസസ് ലിമിറ്റഡ് (സ്മാർട്ട് ഐഡി) എന്ന സ്വകാര്യ സ്ഥാപനവുമായി കൈകോർത്തായിരുന്നു ക്രോസ് മാച്ചിന്റെ ഇന്ത്യയിലെ പ്രവർത്തനം. ഇതുവഴിയാണ് ആധാർ വിവരങ്ങൾ‌ സിഐഎയുടെ പക്കലെത്തിയത് എന്നാണു വിക്കിലീക്സ് പറയുന്നത്.