Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമൻ പണ്ട് ചെയ്തതാണ് ഐഎസ്ആർഒ ഇന്നു ചെയ്യുന്നത്: ഗുജറാത്ത് മുഖ്യമന്ത്രി

vijay-rupani വിജയ് രൂപാണി

ന്യൂ‍ഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ മിസൈലുകളെ ‘ശ്രീരാമന്റെ അമ്പു’കളുമായി താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീരാമൻ ചെയ്ത കാര്യങ്ങളാണ് ഇന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി ചെയ്യുന്നതെന്നും ഗുജറാത്ത് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ തപൻ മിശ്രയെ സാക്ഷിയാക്കിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസംഗം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി റിസർച്ച് ആൻഡ് മാനേജ്മെന്റിലെ (ഐഐടിആർഎഎം) വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ് മേഖലയെ രാമായണ കഥയുമായി ബന്ധപ്പെടുത്തി ‘കത്തിക്കയറിയ’ രൂപാണി, ശ്രീരാമന്റെ കാലത്തെ എൻജിനീയറിങ് വൈദഗ്ധ്യത്തെക്കുറിച്ചും വാചാലനായി.

രാമന്റെ ഒരോ അമ്പും ഓരോ മിസൈലായിരുന്നെന്ന് ശാസ്ത്ര വിദ്യാർഥികളോടായി രൂപാണി പറഞ്ഞു. അന്ന് രാമൻ ചെയ്ത കാര്യങ്ങൾ തന്നെയാണ് ഇന്ന് ഐഎസ്ആർഒ പോലും ചെയ്യുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിച്ച രാമസേതു നിർമിക്കാൻ രാമന്റെ കാലത്ത് സാധിച്ചിട്ടുണ്ടെങ്കിൽ അന്നത്തെ എൻജിനീയറിങ് മികവ് എത്ര മികച്ചതായിരിക്കുമെന്ന് ഊഹിക്കാമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. അണ്ണാറക്കണ്ണൻമാർ പോലും അന്ന് പാലം പണിയാൻ രാമനെയും കൂട്ടരെയും സഹായിച്ചിരുന്നു. രാമസേതുവിന്റെ അവശേഷിപ്പുകൾ ഇപ്പോഴും കടലിലുണ്ടെന്നാണ് പറയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതോടെ രൂപാണി വീണ്ടും കത്തിക്കയറി.

രാമ–രാവണ യുദ്ധത്തിനിടെ ലക്ഷ്മണൻ ബോധരഹിതനായതിനെ പരാമർശിച്ചും രൂപാണി വാചാലനായി. വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കുമെന്ന തിരിച്ചറിവിനു പിന്നിൽ അന്നത്തെ ഗവേഷണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഔഷധം കൊണ്ടുവരാൻ പോയ ഹനുമാന് ഔഷധം തിരിച്ചറിയാനാകാതെ വന്നതോടെ ഒരു മല മുഴുവനായും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. അതിനു പോലും സഹായകരമായ സാങ്കേതികവിദ്യ അന്നു നിലവിലുണ്ടായിരുന്നുവെന്നും രൂപാണി ചൂണ്ടിക്കാട്ടി.

related stories