Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻ ഭഗവത് ദേശീയപതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവം: പ്രധാനമന്ത്രി വിശദീകരണം തേടി

Mohan-Bhagwat

ന്യൂഡൽഹി∙ പാലക്കാട് സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തുന്നതു തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഒാഫിസ്. ചീഫ് സെക്രട്ടറിയോടാണു വിശദീകരണം ചോദിച്ചത്. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണു നടപടി. മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തുന്നതു തടഞ്ഞതു വിവാദമായിരുന്നു.

ദേശീയ പതാക ഉയർത്തേണ്ടതു ജനപ്രതിനിധിയോ സ്കൂളിലെ പ്രധാന അധ്യാപകനോ ആകണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പു സർക്കുലർ ഇറക്കിയിരുന്നു. സർക്കുലർ ലംഘിക്കപ്പെട്ടാൽ ചട്ടപ്രകാരമുള്ള നടപടികളിലേക്കു നീങ്ങാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണു പാലക്കാട് കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ സ്കൂൾ അധികൃതർക്കു നോട്ടിസ് നൽകിയത്. ജില്ലാ അധികൃതരുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പു പരിശോധിച്ചുവരികയാണ്. എന്നാൽ ചടങ്ങിനെക്കുറിച്ച് ആരെങ്കിലും വിശദീകരണം ആരായുകയോ തങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നു സ്കൂൾ അധികൃതർ പ്രതികരിച്ചു.

മോഹൻ ഭഗവത് ചട്ടം ലംഘിച്ചു സ്കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ തുടർനടപടിക്കായി നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ദേശീയ പതാക ഉയർത്തുന്നതു സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചാണ് ഇതു നടത്തിയതെന്നാണു റിപ്പോർട്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കലക്ടറും വിദ്യാഭ്യാസവകുപ്പും ഇക്കാര്യം പരിശോധിച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. പിന്നീട് ആരോ പറഞ്ഞപ്പോൾ ദേശീയഗാനവും ആലപിച്ചു. കുഴപ്പം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു സ്കൂൾ പ്രിൻസിപ്പൽ രണ്ടാമതും പതാക ഉയർത്തി. ഈ സമയത്തു ദേശീയഗാനം ആലപിച്ചുമില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

related stories