Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്യാഗ സ്മരണ പുതുക്കി ബലിപെരുന്നാൾ ആഘോഷം

eid തൊടുപുഴ കാരിക്കോട് നൈനാർ പള്ളിയിൽ ബലിപെരുന്നാൾ നമസ്കാരത്തിനെത്തിയവർ. ചിത്രം: അരവിന്ദ് ബാല

കോഴിക്കോട് ∙ പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണകൾ നെഞ്ചേറ്റി വിശ്വാസികൾ ഇന്നു ബലിപെരുന്നാൾ (ഈദുൽ അസ്‌ഹ) ആഘോഷിക്കുന്നു. ഹജ് കർമത്തിനു പോയവരും ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നതോടെ നാടിനൊപ്പം ഗൾഫ് രാജ്യങ്ങളും ആഘോഷത്തിലാണ്. കൂടാതെ വെള്ളിയാഴ്ച ദിവസം ബലിപെരുന്നാളായതിന്റെ സന്തോഷംകൂടിയുണ്ട്. ഇബ്രാഹിം നബിയുടെ സ്‌മരണകൾ ഉൾക്കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമാണു ബലിപെരുന്നാൾ. 

വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികൾ ഒത്തു ചേർന്നു. രാവിലെ കേരളത്തിലെ വിവിധ പള്ളികളില്‍ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷങ്ങൾക്കുമപ്പുറം, സ്രഷ്ടാവിലേക്കു കൂടുതൽ അടുക്കാനും ഇബ്രാഹിം നബിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച് വിജയം നേടാമെന്ന പാഠം വിശ്വാസികളെ ഓർമിപ്പിക്കാനുമാണ് ഈ ദിനം അവസരമൊരുക്കുന്നത്.

വാർധക്യത്തിൽ ലഭിച്ച പ്രിയമകനെ ബലി നൽകണമെന്നു നിർദേശം ലഭിച്ചപ്പോൾ വിശ്വാസത്തിന്റെ ദൃഢതയിൽ ഇബ്രാഹിം നബി അതിനു തയാറായി. ആ വിശ്വാസം പരമകാരുണികൻ അംഗീകരിച്ചതോടെ മകനു പകരം ഒരു ആടിനെ ബലി നൽകാൻ നിർദേശിക്കുകയായിരുന്നു. ആ ദൃഢതയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചും ഏതു പ്രതികൂല സാഹചര്യത്തിലും സത്യത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കണമെന്നുള്ള സന്ദേശം ഉൾക്കൊണ്ടുമാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നതും മൃഗങ്ങളെ ബലിയറുത്തു നൽകുന്നതും.

ബലി നൽകാനുള്ള മൃഗങ്ങളെ ദിവസങ്ങൾക്കു മുൻപേ ഒരുക്കിയിട്ടുണ്ട്. ഓരോ മഹല്ല് കമ്മിറ്റികളുടെ കീഴിലും ഒറ്റയ്ക്കും ബലികർമങ്ങൾ നടക്കുന്നുണ്ട്. പെരുന്നാ‍ൾ നമസ്കാരത്തിനു ശേഷം ബലികർമത്തിനുള്ള നടപടികൾ ആരംഭിക്കും. വെള്ളിയാഴ്ച ദിവസമായതിനാൽ പലയിടങ്ങളിലും ബലി നാളെയാണു നടക്കുന്നത്. ചില മഹല്ല് കമ്മിറ്റികൾക്കു കീഴിൽ മഗ്‌രിബ് നമസ്കാരത്തിനു ശേഷമാണ് ബലി. തുടർന്ന് അവകാശികൾക്കു മാംസം എത്തിച്ചുനൽകും. 

ലോകമെമ്പാടുമുള്ള മലയാളികൾക്കു ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ആഹ്ലാദപൂർണമായ ബക്രീദ് ആശംസിച്ചു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുൽ അസ്ഹയും ഹജ് കർമവും നൽകുന്നത്. ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.

ഈദുൽ അസ്ഹ പ്രമാണിച്ചു ഗവർണർ പി.സദാശിവം സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ആശംസ നേർന്നു. ബക്രീദ് ആഘോഷങ്ങൾ ഉൽകൃഷ്ടമായ ചിന്തയിലൂടെയും പ്രവൃത്തികളിലൂടെയും  സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ശക്തിപ്പെടുത്താൻ നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.