Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ ദൂരപരിധി കുറയ്ക്കൽ: കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാനേ ഉപകരിക്കൂയെന്ന് കുമ്മനം

Kummanam Rajasekharan

തിരുവനന്തപുരം∙ ബാറുകളുടെ ദൂരപരിധി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാനേ ഉപകരിക്കൂയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിദ്യാലയങ്ങളെക്കാളും ആരാധനാലയങ്ങളെക്കാളും ബാറാണ് ആവശ്യം എന്ന സർക്കാർ നിലപാടു നാടിനു ഭീഷണിയാണ്. ഈ ഭരണം ആർക്കു വേണ്ടിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്റർ ആക്കിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ കുമ്മനം ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു ബാർ മുതലാളിമാരിൽനിന്നു കോടികൾ വാങ്ങിയതിനു പ്രത്യുപകാരമാണ് ഇപ്പോൾ ചെയ്തു നൽകിയത്. യുഡിഎഫ് ഭരണകാലത്തു ബാർ ഇടപാടിൽ കോടികളുടെ അഴിമതി ആരോപിച്ച എൽഡിഎഫ് ഇപ്പോൾ, ഭരണം മുഴുവനായി മദ്യ രാജാക്കന്മാർക്ക് അടിയറ വച്ചിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സൗകര്യത്തിനായാണു വിദ്യാലയങ്ങളുമായും ആരാധനാലയങ്ങളുമായും ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന വാദം ബാലിശമാണ്.

ശബരിമലയുടെ പ്രധാന ഇടത്താവളമായ പത്തനംതിട്ട ഇടത്താവളത്തിനു തൊട്ടുമുന്നിൽ ബവ്റിജസ് ഔട്ട്‌ലറ്റ് തുറന്നതു വിശ്വാസികളെ അവഹേളിക്കാനാണ്. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും കുമ്മനം വ്യക്തമാക്കി.