ഫെഡറർ യുഎസ് ഓപ്പൺ ക്വാർട്ടറിൽ പുറത്ത്; സെമിയിൽ നദാൽ–ഡെൽപോട്രോ പോരാട്ടം

മൽസരശേഷം ഡെൽപോട്രോയ്ക്കു ഹസ്തദാനം നൽകുന്ന ഫെഡറർ.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ നദാൽ‌– ഫെഡറർ ക്ലാസിക് പോരാട്ടത്തിനു കാത്തിരുന്നവരെ നിരാശരാക്കി റോജർ ഫെഡറർ ക്വാർട്ടറിൽ പുറത്ത്. അഞ്ചു തവണ ചാംപ്യനായ സ്വിസ് താരത്തെ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയാണ് തോൽപ്പിച്ചത്. നാലു സെറ്റു നീണ്ട പോരാട്ടത്തിലാണ് ഫെഡറർ തോൽവി സമ്മതിച്ചത്. സ്കോർ: 7–5, 3–6, 7–6(8), 6–4. യുഎസ് ഓപ്പണിൽ 24–ാം സീഡാണ് ഡെൽപോട്രോ.

2009ലെ യുഎസ് ഓപ്പൺ ഫൈനലിൽ ഫെ‍‍ഡററെ വീഴ്ത്തിയ ചരിത്രമുള്ള ഡെൽപോട്രോ, ഒരിക്കൽക്കൂടി ഫെഡററിന്റെ വഴിയടയ്ക്കുന്നതാണ് ഇന്നു കണ്ടത്. പരുക്കിനെത്തുടർന്ന് ഏറെനാളുകൾക്കുശേഷം കളത്തിലെത്തിയ ഡെൽപോട്രോ, അതിന്റെ ലാഞ്ചനയൊന്നും കളിയിൽ പ്രകടിപ്പിച്ചില്ല. ആദ്യ സെറ്റ് സ്വന്തമാക്കി ലീഡെടുത്ത താരത്തെ രണ്ടാം സെറ്റ് സ്വന്തമാക്കി ഫെഡറർ വരുതിയിലാക്കിയെങ്കിലും, മൂന്നും നാലും സെറ്റുകൾ സ്വന്തമാക്കി ഡെൽപോട്രോ സെമിയിലേക്കു മാർച്ചു ചെയ്തു.

ഒന്നാം സീഡായ റാഫേൽ നദാലാണ് സെമിയിൽ ഡെൽപോട്രോയുടെ എതിരാളി. റഷ്യയുടെ കൗമാരതാരം ആന്ദ്രേ റുബലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് നദാൽ സെമിയിൽ കടന്നത്. സ്കോർ: 6–1, 6–2, 6–2. സ്കോര്‍ സൂചിപ്പിക്കും പോലെ വളരെ അനായാസകരമായാണ് നദാല്‍ സെമിയിലെത്തിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയാകാന്‍ റുബലേവിനായില്ല.