Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരിയുടെ കൊലപാതകം: സൂചന നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം

Gauri-Lankesh- ഗൗരി ലങ്കേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഇന്ത്യാ ഗേറ്റിനു മുന്നിൽ നടത്തിയ സമരത്തിൽനിന്ന്.

ബെംഗളൂരു ∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് സൂചന നൽകുന്നവർക്ക് കർണാടക സർക്കാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കർണാടക ആഭ്യന്തരമന്ത്രി രാലിംഗ റെഡ്ഢിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികളെക്കുറിച്ച് കാര്യമായ സൂചന ലഭിക്കാത്ത സാഹചര്യത്തിലാണിത്.

അതിനിടെ, ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചന ലഭിക്കുന്നവർ അത് പൊലീസിനു കൈമാറണമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇന്റലിജൻസ് ഐജി ബി.കെ.സിങ് അഭ്യർഥിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനായി ഒരു മൊബൈൽ നമ്പറും ഇ മെയിൽ അഡ്രസ്സും നൽകിയിട്ടുണ്ട്. കൊലപാതകികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 09480800202 എന്ന നമ്പറിലോ sit.glankesh@ksp.gov.in എന്ന മെയിൽ അഡ്രസിലോ ബന്ധപ്പെടാനാണ് അഭ്യർഥന.

അതേസമയം, കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാമലിംഗ റെഡ്ഡിയും അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കാര്യമായ സൂചനകളൊന്നും ലഭിക്കാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല.

ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അന്വേഷണത്തിൽ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ദൃശ്യങ്ങളിൽ കാണുന്നയാൾ ഹെൽമെറ്റ്‌ ധരിച്ചിരിക്കുന്നതിനാൽ രേഖാചിത്രം തയാറാക്കാനും കഴിയില്ല.