Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൽപോട്രോയെയും വീഴ്ത്തി നദാൽ ഫൈനലിൽ; എതിരാളി കെവിന്‍ ആന്‍ഡേഴ്സൻ‌

Rafael-Nadal ഡെൽപോട്രോയെ വീഴ്ത്തി യുഎസ് ഓപ്പൺ ഫൈനലിൽ കടന്ന റാഫേൽ നദാലിന്റെ ആഹ്ലാദം.

ന്യൂയോർക്ക് ∙ സ്പാനിഷ് താരം റാഫേൽ നദാൽ യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍. അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പോട്രോയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് വീഴ്ത്തിയാണ് നദാലിന്റെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തിയെത്തിയ ഡെൽപോട്രോ നദാലിനെതിരെയും ആദ്യ ഗെയിം നേടിയെങ്കിലും, തുടര്‍ന്നുള്ള മൂന്നു സെറ്റുകള്‍ തിരിച്ചുപിടിച്ച സ്പാനിഷ് താരം ഫൈനലിലേക്കു മാർച്ചു ചെയ്തു. സ്കോർ: 4-6, 6-0, 6-3, 6-2.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനാണ് നദാലിന്റെ എതിരാളി. നദാലിന്റെ 23–ാം ഗ്രാൻസ്‌ലാം ഫൈനലാണിത്. ഇക്കഴിഞ്ഞ ജൂണിൽ 10–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി റെക്കോർഡിട്ട നദാൽ, യുഎസ് ഓപ്പണിൽ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. ലോക 32–ാം താരമായ ആൻഡേഴ്സനെ തോൽപ്പിക്കാനായാൽ ആദ്യ 25 റാങ്കിൽ ഉൾപ്പെട്ട താരങ്ങളെ നേരിടാതെ കിരീടം ചൂടുന്ന ആദ്യ താരമായി നദാൽ മാറും.

സെമിയിലെ വാശിയേറിയെ പോരാട്ടത്തില്‍ സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റയെ തോല്‍പ്പിച്ചാണ് കെവിന്‍ ഫൈനലിലെത്തിയത്. സ്കോർ: 4-6 7-5 6-3 6-4. യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് കെവിന്‍ ആന്‍ഡേഴ്സന്‍. 1973നു ശേഷം യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന കുറഞ്ഞ റാങ്കിലുള്ള താരവും ഈ 31കാരൻ തന്നെ.