‘സീഡില്ലാ താര’ത്തിന് യുഎസ് ഓപ്പൺ; ചരിത്രമെഴുതി സ്ലോൺ സ്റ്റീവെൻസ്

സ്ലൊയേൻ സ്റ്റെഫാൻസ് യുഎസ് ഓപ്പൺ കിരീടവുമായി.

ന്യൂയോർക്ക്∙ കളിക്കൂട്ടുകാർ തമ്മിലുള്ള പോരിൽ സ്വന്തം നാട്ടുകാരി കൂടിയായ മാഡിസൻ കീസിനെ തോൽപ്പിച്ച് അമേരിക്കൻ യുവതാരം സ്ലോൺ സ്റ്റീവെൻസിന് കന്നി ഗ്രാൻസ്‍ലാം കിരീടം. ഇന്നു പുലർച്ചെ നടന്ന ഫൈനലിൽ മാ‍ഡിസൻ കീസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിറ്റീവെൻസ് മറികടന്നത്. സ്കോർ: 6–3, 6–0. ഉറ്റ സുഹൃത്തുക്കളായ മാഡിസനും സ്റ്റീവൻസും ഏറെനാൾ ഒരുമിച്ചു പരിശീലിച്ചവരാണ്.

ഓപ്പൺ കാലഘട്ടത്തിനു തുടക്കമായ 1968നു ശേഷം യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ സീഡില്ലാ താരമാണ് ഇരുപത്തിനാലുകാരിയായ സ്റ്റീവെൻസ്. നിലവിൽ ലോക റാങ്കിങ്ങിൽ 83–ാം സ്ഥാനത്തുള്ള സ്ലോൺ സ്റ്റീവെൻസ്, ഈ ജൂലൈയിൽ 957–ാം റാങ്കിലായിരുന്നു. ഫോം മോശമായതിനാൽ ടൂർണമെന്റിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൽസരത്തിനെത്തുകയായിരുന്നു.

15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎസ് ഓപ്പൺ വനിതാ ടെന്നിസിൽ അമേരിക്കൻ ഫൈനൽ അരങ്ങേറിയത്. 2001ൽ ജെന്നിഫർ കപ്രിയാറ്റിയ്ക്കുശേഷം ഒരു അമേരിക്കക്കാരിയുടെ കന്നി ഗ്രാൻഡ്സ്‍ലാം കിരീടനേട്ടം കൂടിയാണിത്.

വീനസിനെ വീഴ്ത്തി സ്റ്റീവെൻസ്, വാൻഡവയെ വീഴ്ത്തി കീസ്

നേരത്തെ, മുൻ ചാംപ്യൻ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് സ്റ്റീവെൻസ് ഫൈനലിൽ കടന്നത് (6–1 0–6, 7–5). മാഡിസൻ കീസ് ആകട്ടെ, ഇരുപതാം സീഡ് കൊകോ വാൻഡവയെ കെട്ടുകെട്ടിച്ചാണ് കലാശപ്പോരിനിറങ്ങിയത്.

പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിച്ചായിരുന്നു വീനസ് വില്യംസിനെതിരെ സ്ലോൺ സ്റ്റീവെൻസിന്റെ ജയം. കലണ്ടർ വർഷത്തെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ വീനസിനെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ടൂർണമെന്റിനെത്തിയ സ്റ്റീവെൻസ് ഞെട്ടിക്കുകയായിരുന്നു. അതേസമയം, പതിനഞ്ചാം സീഡുകാരി മാഡിസന്റെ വിജയം അനായാസമായിരുന്നു. വെറും 66 മിനിറ്റുമാത്രം നീണ്ട പോരാട്ടത്തിൽ അഞ്ച് എയ്സുകളും 25 വിന്നറുകളും പായിച്ച താരം എതിരാളിയെ നിഷ്പ്രഭയാക്കി.