യുഎസ് ഓപ്പൺ റഫേൽ നദാലിന്; കെവിൻ ആൻഡേഴ്സനെ തോൽപ്പിച്ചു

റഫേൽ നദാൽ യുഎസ് ഓപ്പൺ കിരീടവുമായി.

ന്യൂയോർക്ക്∙ യുഎസ് ഓപ്പണ്‍ കിരീടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആ‍ന്‍ഡേഴ്സണെ തോല്‍പിച്ചു. നദാലിന്റെ 16–ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണിത്. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടവും. ഇത് ആദ്യമായാണ് ഒരു ദക്ഷണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. സ്കോർ: 6–4, 6–3, 6–4.

കെവിൻ ആൻഡേഴ്സനും റഫേൽ നദാലും പുരസ്കാരദാനത്തിനുശേഷം.

2013നുശേഷം വീണ്ടും നദാലിസം തിരിച്ചുവരുന്ന കാഴ്ചയായിരുന്നു ആർതര്‍ ആഷെ സ്റ്റേഡിയത്തില്‍. കാളക്കൂറ്റന്റെ കരുത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കന്നി കിരീടമോഹവുമായി കെവിന്‍ ആന്‍ഡേഴ്സണ്‍ കോര്‍ട്ടുവിട്ടു. ഫെഡററെ കീഴടക്കി സെമിയിലെത്തിയ ഡെല്‍പോട്രോയെ തളച്ച റഫേലിനു കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു. ആദ്യ സെറ്റ് 6-4ന് അനായാസം നേടി.

റഫേൽ നദാൽ മൽസരത്തിനിടെ.

നദാലിന്റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ രണ്ടാം സെറ്റും 6-3നു കെവിനെ കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.

റഫേൽ നദാലും കെവിൻ ആൻഡേഴ്സനും

ജോക്കോവിച്ചും മറേയും വാവ്റിങ്കയും കളിക്കാത്ത, ഫെഡററും ദിമിത്രോവും തോറ്റു പിന്‍മാറിയ യുഎസ് ഓപ്പണില്‍ മുപ്പത്തിയൊന്നുകാരന്‍ നദാലിന്റെ 23ാം ഗ്രാൻഡ്സ്ലാം ഫൈനലും 16ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടവുമാണിത്. യുഎസ് ഓപ്പണിലെ മൂന്നാം കിരീട നേട്ടവും. 52 വര്‍ഷത്തിനു ശേഷം യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കളിച്ച ആദ്യതാരനാണ് കെവിന്‍ ആന്‍ഡേഴ്സണ്‍.