Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് രാജ്യാന്തര കോടതിയിൽ; വാദമുഖങ്ങളുമായി ഇന്ത്യ

Kulbhushan Jadhav

ഹേഗ്∙ ചാരനെന്ന് ആരോപിച്ചു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വീണ്ടും രാജ്യന്തര കോടതി പരിഗണിക്കുന്നു. ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി (ഐസിജെ) നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ വാദങ്ങൾ കോടതിയിൽ എഴുതി സമർപ്പിച്ചു.

ചാരവൃത്തിയും തീവ്രവാദവും ആരോപിച്ചാണ് മുൻ നേവി ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ (47) 2016 മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽനിന്നു പാക്കിസ്ഥാൻ പിടികൂടി തടവിലാക്കിയത്. പാക്ക് സൈനിക കോടതി ജാദവിനു വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. ജാദവിന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തതു നയതന്ത്ര തലത്തിൽ ഇന്ത്യയുടെ വിജയമായി. രണ്ടു രാജ്യങ്ങളുടെയും വാദപ്രതിവാദങ്ങൾ പരിഗണിച്ചശേഷം അന്തിമവിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണു രാജ്യാന്തര കോടതിയുടെ ഉത്തരവ്.

ഡിസംബർ 13നാണ് പാക്കിസ്ഥാനു വാദങ്ങൾ സമർപ്പിക്കാനുള്ള അവസരം. അതേസമയം, ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അധികാരപരിധിക്കു പുറത്തുള്ളതാണെന്നു പാക്കിസ്ഥാന്‍ നേരത്തേ ആരോപിച്ചിരുന്നു. 2003ൽ നാവികസേനയിൽനിന്നു വിരമിച്ച ജാദവ്, ഇറാനിലെ ഛബഹാറിൽ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ജാദവിനു പാക്കിസ്ഥാൻ നീതി നിഷേധിച്ചു, അഭിഭാഷകന്റെ സഹായം നൽകിയില്ല, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച 16 തവണ നിഷേധിച്ചു തുടങ്ങിയ വാദങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.