Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെക്കുറിച്ച് കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിക്കോളൂ, സന്തോഷമേയുള്ളൂ: അൽഫോൻസ് കണ്ണന്താനം

Alphons Kannanthanam

കൊച്ചി∙ ബീഫിനെക്കുറിച്ചുള്ള തന്റെ പരാമർശം വാർത്തയ്ക്കു വേണ്ടി പറഞ്ഞതല്ലെന്നും കേരളത്തിൽ തമാശ ആസ്വദിക്കാന്‍ ആളില്ലാതെ വരികയാണെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബീഫിനെക്കുറിച്ച് ഒറീസയില്‍ പറഞ്ഞതു തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണം. വിദേശത്തു നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണു ചോദിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

‘എന്റെ ഭാര്യയുടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ. രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണ്. എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. ഇനിയും ഇത്തരം കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിക്കോളൂ. അതിലും സന്തോഷമേയുള്ളൂ.

രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനുമാകില്ലെന്നു കരുതരുത്. താനൊരു 'ഫണ്‍ പേഴ്‌സണ്‍' ആണ്. ജീവിതം സന്തോഷിക്കാനുള്ളതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതാണ്. ജീവിതത്തിലെ ലക്ഷ്യമായി കാണുന്നത് ഇതാണ്’–കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധിയെന്നും കണ്ണന്താനം വ്യക്തമാക്കി.  ശുചിമുറികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യമൊരുക്കേണ്ടത്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. ശരിയായ പദ്ധതികളുണ്ടാക്കി നടത്തിപ്പു ചുമതല സ്വകാര്യ മേഖലയെ ഏല്‍പ്പിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച പൗരസ്വീകരണം നൽകും. തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനാണ് സമ്മേളനം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കള്‍ സമ്മേളനത്തിൽ പങ്കെടുക്കും.  

രാവിലെ എട്ടിന് ശിവഗിരി സന്ദർശനത്തോടെയാണ് മന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടികൾ തുടങ്ങുന്നത്. 10.30ന് ബിജെപി ആസ്ഥാനത്തെത്തുന്ന മന്ത്രിയെ സംസ്ഥാന നേതാക്കൾ സ്വീകരിക്കും. ഉച്ചയ്ക്ക് 12ന് കോവളത്ത് നടക്കുന്ന ഐഎംഎ യുടെ ദേശീയ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മൂന്നിന് പട്ടം ബിഷപ് ഹൗസ്, തുടർന്ന് വെള്ളയമ്പലം ബിഷപ് ഹൗസ് എന്നിവ സന്ദർശിച്ച് ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് ശാസ്തമംഗലം രാമകൃഷ്ണ ആശ്രമവും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. പൗരസ്വീകരണത്തിനു ശേഷം വൈകിട്ട് ഡൽഹിക്ക് മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.