Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനിസാമിക്ക് ആശ്വാസം; 20 വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ല: ഹൈക്കോടതി

TTV Dinakaran and Edappadi Palanisamy

ചെന്നൈ∙ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടിൽ എടപ്പാടി പളനിസാമി സർക്കാരിനു താൽക്കാലിക ആശ്വാസമേകി ഹൈക്കോടതിയുടെ ഇടപെടൽ. നിയമസഭയില്‍ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി. ദിനകരന്‍ വിഭാഗവും ഡിഎംകെയും ഹർജികൾ നൽകിയിരുന്നു. രണ്ട് ഹർജികളും ഈ മാസം 20നു വീണ്ടും പരിഗണിക്കാൻ മാറ്റി.

വിശ്വാസ വോട്ടെടുപ്പ് ആവശ്യമുന്നയിച്ച് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണു കക്ഷി ചേരാന്‍ ദിനകരന്‍ പക്ഷത്തെ കോടതി അനുവദിച്ചത്. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് (എജി) കോടതി നിര്‍ദേശിച്ചു. എംഎല്‍എമാരോട് ഇന്നു നേരിട്ടു ചേംബറില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഹാജരാകാന്‍ അഞ്ചുദിവസം കൂടി അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പാർട്ടി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു സഹോദരപുത്രൻ ടി.ടി.വി. ദിനകരനെയും അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം പുറത്താക്കിയിരുന്നു. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം കോഓർഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജോയിന്റ് കോഓർഡിനേറ്ററുമായ സ്റ്റിയറിങ് കമ്മിറ്റിയാകും പാർട്ടിയെ നയിക്കുക. അന്തരിച്ച ജയലളിത പാർട്ടിയുടെ ‘ശാശ്വത’ ജനറൽ സെക്രട്ടറിയായിരിക്കുമെന്നും പ്രഖ്യാപിച്ചു.

mk stalin

അണ്ണാ ഡിഎംകെയിൽനിന്നു ശശികല വിഭാഗത്തെ പുറത്താക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ടി.ടി.വി. ദിനകരൻ രംഗത്തെത്തുകയായിരുന്നു. പളനിസാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 21 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്കു കൈമാറിയിട്ടുണ്ടെന്നും ദിനകരൻ വ്യക്തമാക്കി. ഭരണപക്ഷത്തു പോരു മുറുകിയതോടെ വിശ്വാസവോട്ട് എന്ന തുറുപ്പുചീട്ടുമായി ഡിഎംകെയും രംഗം കൊഴുപ്പിച്ചു. തുടർന്നാണു നിയമസഭ ഉടൻ വിളിച്ചു വിശ്വാസവോട്ട് തേടാൻ തമിഴ്നാട് ഗവർണറോടു നിർദേശിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ എടപ്പാടി പളനിസാമി സർക്കാരിന്, ഡിഎംകെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ മറികടക്കുക പ്രയാസമാണ്. ജയയുടെ മരണത്തെ തുടർന്ന് ഒഴി‍ഞ്ഞുകിടക്കുന്ന സീറ്റ് മാറ്റിനിർത്തിയാൽ 233 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണയാണ്. അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതാകട്ടെ, 114 പേരും. ദിനകര പക്ഷത്തെ 21 പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നു വോട്ട് ചെയ്താൽ സർക്കാർ വീഴും. എന്നാൽ ഈ മാസം 20 വരെ ഹൈക്കോടതിയുടെ കനിവു ലഭിച്ചത് എടപ്പാടി പളനിസാമി സർക്കാരിനു ഗുണകരമാകും. ദിനകര പക്ഷത്തെ എംഎൽഎമാരെ അടർത്തിയെടുക്കാൻ തീവ്രപരിശ്രമം ഈ ദിവസങ്ങളിൽ നടന്നേക്കും.

അതിനിടെ, ബലംപ്രയോഗിച്ചു തടഞ്ഞുവച്ചിരിക്കുകയാണെന്ന പരാതിയെ തുടർന്നു തമിഴ്നാട് പൊലീസ് കുടകിൽ ദിനകരപക്ഷ എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തി. എംഎൽഎമാർ‌ പ്രാദേശിക പൊലീസിന്റെ സംരക്ഷണം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.