Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ: കാര്യമായ പലായനമില്ല; റാഖൈൻ സൈനിക ഇടപെടലും തള്ളി സൂ ചി

Aung San Suu Kyi അഭയാർഥികളായെത്തിയ രോഹിൻഗ്യകൾക്കു വേണ്ടി ബംഗ്ലദേശിൽ തയാറാക്കിയ ക്യാംപിലേക്ക് ഭക്ഷണം എത്തിച്ചപ്പോൾ തിരക്കുകൂട്ടുന്നവർ.

നയ്‌ചിദോ (മ്യാൻമർ)∙ രോഹിൻഗ്യകൾക്കെതിരെയുള്ള വടക്കൻ റാഖൈനിലെ അതിക്രമത്തിന്മേൽ ഇതാദ്യമായി വിശദീകരണം നൽകി മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ അരമണിക്കൂർ ടെലിവിഷൻ പ്രഭാഷണത്തിലാണ് സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്ന് സൂ ചി വ്യക്തമാക്കിയത്. എന്നാൽ രോഹിൻ‌ഗ്യകളുടെയോ സൈന്യത്തിന്റെയോ പേര് പ്രത്യേകം പരാമർശിക്കാതെയായിരുന്നു വിശദീകരണത്തിലേറെയും.

രാജ്യം വിട്ട് ഒട്ടേറെ മുസ്‌ലിംകള്‍‌ പലായനം ചെയ്യുന്നതിൽ ആശങ്കയുണ്ട്. എന്തു കൊണ്ടാണ് ഇത്തരമൊരു പലായനമെന്ന് അന്വേഷിക്കും. പലായനം ചെയ്തവരോടും ഇവിടെ തുടരുന്നവരോടും സംസാരിക്കണമെന്നുണ്ട്. റാഖൈനിലെ വളരെ ചെറിയ വിഭാഗം മുസ്‌ലിംകൾ മാത്രമേ പലായനം ചെയ്തിട്ടുള്ളൂ. ഭൂരിപക്ഷവും അവിടെത്തന്നെ തുടരുകയാണ്. അവിടങ്ങളിൽ സന്ദർശനം നടത്താൻ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂ ചി പറഞ്ഞു.

റാഖൈൻ പ്രദേശത്തെ സുരക്ഷാചുമതല പൂർണമായും സൈന്യത്തിനാണ്. എന്നിട്ടും സൈനിക ഇടപെടലിനെപ്പറ്റി ഒരു വാചകം മാത്രമാണു സൂ ചി പറഞ്ഞതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ അഞ്ചു മുതൽ സൈന്യത്തിന്റെ നേതൃത്വത്തിൽ യാതൊരു ആയുധമുന്നേറ്റമോ ഒഴിപ്പിക്കലോ രാജ്യത്ത് നടന്നിട്ടില്ല എന്നായിരുന്നു സൂ ചിയുടെ വാക്കുകൾ. നാലു ലക്ഷത്തിലേറെപ്പേർ മ്യാൻമർ വിട്ട് ബംഗ്ലദേശിലേക്ക് പലായനം ചെയ്തെന്ന യുഎൻ റിപ്പോർട്ടിന്റെ സാഹചര്യത്തിലാണ് സൂ ചിയുടെ വിശദീകരണം.

രോഹിൻഗ്യ മുസ്‌ലിംകൾക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്നും സൂ ചി വ്യക്തമാക്കി. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂ ചി അക്രമ സംഭവങ്ങളിൽ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേർത്തു.

‘റാഖൈനിലെ അതിക്രമങ്ങൾക്ക് കാരണമായവർക്കെതിരെ നിയമനടപടിയുണ്ടാകും. രാജ്യത്തിന്റെ ഐക്യത്തിനും സുസ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.18 മാസം പോലുമായിട്ടില്ല മ്യാൻമറിൽ പുതിയ സർക്കാർ എത്തിയിട്ട്. 70 വർഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവിൽ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്.

വടക്കൻ റാഖൈനിൽ മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രാജ്യം  പ്രതിജ്ഞാബദ്ധരാണ്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും രോഹിൻഗ്യ വിഭാഗങ്ങളിൽ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സർക്കാർ ശ്രമങ്ങൾ തുടരും’– സൂ ചി വ്യക്തമാക്കി.

‘രാജ്യത്തെ ജനാധിപത്യം ശൈശവദശയിലാണ്. വളരെ ചെറുതും ദുർബലവുമായ രാജ്യമാണിത്. ഇവിടത്തെ അനേകം പ്രശ്നങ്ങളിൽ ഒന്നു മാത്രമാണു റാഖൈനിൽ നടക്കുന്നത്. പലതരം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരാളെ ചികിത്സിക്കുന്ന പോലെയാണ് ഇതും കൈകാര്യം ചെയ്യേണ്ടത്. വളരെ കുറച്ചുപേരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല.’ സൂ ചി ചൂണ്ടിക്കാട്ടി.

സമാധാന സന്ദേശവുമായി കോഫി അന്നൻ കമ്മിഷൻ 

വടക്കൻ റാഖൈനിൽ സമാധാനം കൊണ്ടുവരാനായി കോഫി അന്നൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുമെന്നും സൂ ചി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച പഠനത്തിനായി കോഫി അന്നൻ ഫൗണ്ടേഷനു കീഴിൽ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മാസം റിപ്പോർട്ടു സമർപ്പിച്ചു. റാഖൈനിൽ വികസനത്തിനും സമാധാനം ഉറപ്പാക്കാനും കേന്ദ്രകമ്മിറ്റിയെ നിയോഗിച്ചതായും സൂ ചി പറഞ്ഞു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ അഭയാർഥികളുടെ പരിശോധന പ്രക്രിയകൾ ഉടൻ തുടങ്ങും. 

‘ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ പ്രശ്നങ്ങളെയും മറികടക്കണമെന്നാണു ജനം ആഗ്രഹിക്കുന്നത്. പക്ഷേ, ഇതു പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ഇവ രണ്ടും കേൾക്കണം. അന്തിമ തീരുമാനമെടുക്കും മുൻപ് ആരോപണങ്ങളെല്ലാം കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണോയെന്നും പരിശോധിക്കണം – സൂ ചി പറഞ്ഞു.

രാജ്യാന്തര സമ്മർദം ശക്തം

വംശഹത്യയുടെ പേരിൽ മ്യാൻമറിന് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഓങ് സാൻ സൂ ചിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനു സൂ ചിക്ക് ഇത് അവസാന അവസരമാണെന്നു യുഎ‍ൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.

രാജ്യംവിട്ട രോഹിൻഗ്യ മുസ്‌ലിംകളെ തിരിച്ചുവിളിക്കണമെന്നും സൈന്യത്തിനെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. ഐക്യരാഷ്ട്ര പൊതുസഭ ചർച്ചകൾ ഇന്നു തുടങ്ങാനിരിക്കെയാണു ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയത്.

അതേസമയം, വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്‌ലിംകൾ താമസിക്കുന്ന വിദൂര ഗ്രാമങ്ങളിൽ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോർട്ടുകൾ. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവർ സുരക്ഷിതമായി പലായനം ചെയ്യാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം രോഹിൻഗ്യ മുസ്‌ലിംകൾ ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്. ‘വംശീയപരമായ തുടച്ചുനീക്കലാ’ണ് റാഖൈനിൽ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം യുഎൻ നിരീക്ഷിച്ചിരുന്നു.