Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർട്ടറീക്കോയെ തച്ചുതകർത്ത് മരിയ ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരം

Maria PuertoRico മരിയ ചുഴലിക്കൊടുങ്കാറ്റിൽപ്പെട്ട് മരങ്ങൾ കടപുഴകി റോഡിൽ വീണപ്പോൾ. സാൻ ഹുവാനിൽ നിന്നുള്ള ദൃശ്യം.

ന്യൂയോർക്ക്∙ കരീബിയൻ ദ്വീപുകളെ വിറപ്പിച്ച ‘മരിയ’ ചുഴലിക്കൊടുങ്കാറ്റ് പോർട്ടറീക്കോയിലും സംഹാരതാണ്ഡവം തുടരുന്നു. രാജ്യത്തെ മൊത്തം വൈദ്യുതി വിതരണ സംവിധാനവും കൊടുങ്കാറ്റിൽ തകർന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. പോകുംവഴിയുള്ളതെല്ലാം തച്ചുതകർത്തുകൊണ്ടാണ് ‘മരിയയുടെ’ മുന്നേറ്റമെന്നും അധികൃതരുടെ വാക്കുകൾ. കാറ്റിന്റെ ശക്തി മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലേക്ക് കുറഞ്ഞെങ്കിലും നശീകരണം തുടരുകയാണ്.

വൻ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പലയിടത്തുമുണ്ടായിട്ടുണ്ട്. ജനങ്ങൾക്കായി അഞ്ഞൂറോളം താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നു. പതിനായിരങ്ങളാണ് ഇവിടെയുള്ളത്. പോർട്ടറീക്കോയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഗവർണർ ആവശ്യപ്പെട്ടു. അമേരിക്കൻ അധീനതയിലുള്ള ദ്വീപാണ് പോർട്ടറിക്കോ.

നേരത്തേ കാറ്റഗറി 5ൽ നിന്ന് നാലിലേക്ക് മരിയ കൊടുങ്കാറ്റ് ‘രൂപം’ മാറിയിരുന്നു. മണിക്കൂറിൽ 250 കിലോമീറ്ററായിരുന്നു ഈ വിനാശകാരിയുടെ വേഗം. (മണിക്കൂറിൽ 209 മുതൽ 251 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്നവയാണ് കാറ്റഗറി 4ലെ കൊടുങ്കാറ്റ്. മണിക്കൂറിൽ 252 കിലോമീറ്ററാകുമ്പോഴാണ് കാറ്റഗറി 5ലെത്തുന്നത്)

ഒരു നൂറ്റാണ്ടുകാലത്തിനിടെ രാജ്യത്തു വീശിയടിക്കുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റായിരിക്കും മരിയ എന്നും പോർട്ടറീക്കോ ഗവർണർ മുന്നറിയിപ്പു നൽകിയിരുന്നു. കാറ്റഗറി 5ൽപ്പെട്ടിരിക്കെ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു മരിയ. ബുധനാഴ്ച രാവിലെയോടെയാണ് ശക്തി കുറഞ്ഞ് പോർട്ടറീക്കോയിലേക്കു നീങ്ങിയത്.

വിർജിൻ ഐലൻഡ്സിലും പോർട്ടറീക്കോയിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെ വ്യാപകനാശമുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. പോർട്ടറീക്കോയിലെ പർവതപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ മുൻകരുതലെടുക്കേണ്ടതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം മണിക്കൂറിൽ 257 കിലോമീറ്റർ വേഗത്തിലെത്തി കുഞ്ഞൻ ദ്വീപുരാജ്യമായ ഡൊമിനിക്കയെ കശക്കിയെറിഞ്ഞിരുന്നു മരിയ. ഏഴു പേർ കൊല്ലപ്പെട്ടു. വ്യാപകനാശമെന്നാണ് പ്രധാനമന്ത്രി റൂസ്‍വെൽറ്റ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. വിമാനത്താവളവും തുറമുഖങ്ങളും അടച്ചിട്ടു. 72,000 പേരാണ് രാജ്യത്ത് ആകെ താമസിക്കുന്നത്. ഭൂരിപക്ഷം വീടുകളുടെയും മേൽക്കൂര കൊടുങ്കാറ്റിൽ പറന്നുപോവുകയായിരുന്നു. രാജ്യത്ത് രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഡൊമിനിക്കയുടെ വടക്കൻ ഭാഗങ്ങളിലാണ് ഏറ്റവും ശക്തമായി മഴ നാശം വിതച്ചത്. ‘ഇർമ’ കാറ്റിന്റെ കെടുതി അടങ്ങും മുൻപേയാണ് കിഴക്കൻ കരീബിയൻ ദ്വീപുകളിലേക്ക് മരിയ ചുഴലിക്കൊടുങ്കാറ്റും എത്തിയത്.