Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ യുവതികളുടെ മർദനമേറ്റ ടാക്സി ഡ്രൈവർ ആശുപത്രിയിൽ

online taxi attack യുവതികളുടെ മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ഷെഫീക്ക്.

വൈറ്റില (കൊച്ചി) ∙ നഗരമധ്യത്തിൽ പട്ടാപ്പകൽ മൂന്നു യുവതികളുടെ മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരട് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവതികളെ പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂർ, പത്തനംതിട്ട സ്വദേശികളായ യുവതികൾ. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്‌ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നടുറോഡിലെ അടിപിടി കണ്ട് നാട്ടുകാർ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരുക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്കു നീക്കിയത്. വൈദ്യ പരിശോധനയും നടത്തി. 

സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത്: ഓൺലൈൻ ഷെയർ ടാക്സിയിൽ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസിൽ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓൺലൈൻ ഷെയർ ടാക്സി വിളിച്ചു യാത്രചെയ്തു.

വൈറ്റിലയിൽ ടാക്സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങൾ വിളിച്ച ടാക്സിയിൽ മറ്റൊരാൾ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികൾ ആവശ്യപ്പെട്ടു. എന്നാൽ, ഷിനോജ് ആണ് ആദ്യം ബുക്ക് ചെയ്ത് കയറിയത് എന്നതിനാൽ ഇറക്കിവിടാനാകില്ല എന്നു ഡ്രൈവർ വ്യക്തമാക്കി.

തർക്കം മൂക്കുന്നതിനിടെ യുവതികൾ ഷെഫീക്കിന്റെ മുണ്ടു വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു. ഷെഫീക് അസഭ്യം പറഞ്ഞതിനാണു മർദിച്ചതെന്നാണു യുവതികളുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. 

എന്നാൽ, ഷെഫീക് മോശമായി പെരുമാറുകയോ സംസാരിക്കുയോ ചെയ്തില്ലെന്നാണു ദൃക്സാക്ഷികൾ പറഞ്ഞതെന്നു പൊലീസ് അറിയിച്ചു.