Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈലന്റ് വാലിയിൽ വൻ മണ്ണിടിച്ചിൽ; രണ്ടാഴ്ചത്തേയ്ക്ക് സന്ദർശനം നിരേ‍ാധിച്ചു

Silent-Valley-Landslide-6 സൈരന്ധ്രിയിലേയ്ക്കുളള റേ‍ാഡ് മണ്ണിടിഞ്ഞും മരങ്ങൾ വീണും തടസപ്പെട്ട നിലയിൽ.

പാലക്കാട് ∙ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സെലന്റ് വാലി ദേശീയേ‍ാദ്യാനത്തിലെ പ്രധാന സന്ദർശനകേന്ദ്രമായ സൈരന്ധ്രിയിലേയ്ക്കുളള റേ‍ാഡിൽ വൻ തേ‍ാതിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വഴി പൂർണമായി അ‍ടഞ്ഞതിനെ തുടർന്ന് ഒക്ടേ‍ാബർ  രണ്ടാം വാരം സൈലന്റ് വാലിയിൽ സന്ദർശനം നിരേ‍ാധിച്ചു. പെരുമഴയിൽ 17ന് നേരിയതേ‍ാതിലുണ്ടായ മണ്ണിടിച്ചിൽ പിന്നീടും ഇവിടെ തുടർന്നതായാണ് സൂചന.

പുറത്തുള്ളതിനെക്കാൾ കനത്ത മഴ പെയ്തതേ‍ാടെ റേ‍ാഡിന്റെ ഇരുഭാഗത്തെയും കുന്നുകൾ ഇടിയുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. ഇതോടെ, ഉദ്യാ‍നത്തിന്റെ പ്രവേശനകവാടമായ മുക്കാലിയിൽ നിന്ന് ഏതാണ്ട് 21 കിലേ‍ാമീറ്റർ പാത ഗതാഗത യേ‍ാഗ്യമല്ലാതായെന്നാണ് വിവരം. ഇതാദ്യമായാണ് സൈലന്റ് വാലിയിൽ ഇത്തരമെ‍ാരു സംഭവം. ഇതേ‍ാടെ ഉദ്യാനത്തിലെ ദൈനംദിന ജേ‍ാലികൾപേ‍ാലും തടസപ്പെട്ട നിലയിലാണ്.

മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെ ഉപയേ‍ാഗിച്ചു തടസം നീക്കാൻ ജീവനക്കാർ തുടർച്ചയായി ശ്രമം നടത്തുന്നുണ്ടെങ്കിലും വാലിയിൽ തുടരുന്ന മഴ നടപടിക്ക് തടസമാകുന്നുണ്ട്. പ്രദേശത്തേയ്ക്കു മറ്റു വഴികളില്ലാത്തതിനാൽ മുൻപിൽ എത്ര ദൂരം മണ്ണിടിഞ്ഞിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ ഏതാണ്ട് ഏഴുകിലേ‍‍ാമീറ്ററോളം ദൂരത്തിൽ മണ്ണു നീക്കി. രണ്ടുദിവസത്തിനുള്ളിൽ ഒദ്യേ‍ാഗിക വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സൈലന്റ് വാലി മേധാവി നരേന്ദ്രനാഥ് വെല്ലൂരി മനേ‍ാരമയേ‍ാട് പറഞ്ഞു.

സന്ദർശനം അനുവദിക്കാവുന്ന തരത്തിൽ പാത ശരിയാകാൻ കുറച്ചുദിവസം കൂടി എടുക്കുമെന്നാണ് വിവരം. ഇനിയെ‍ാരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സന്ദർശനം വിലക്കിയിരിക്കുന്നത്. നവരാത്രി, പൂജ അവധിദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ നിരവധിപേർ ഉദ്യാനം സന്ദർശിക്കാനെത്താറുള്ളതാണ്. മണ്ണിടിഞ്ഞതേ‍ാടെ ഉദ്യാനത്തിലെ വാർത്താവിനിമയ സംവിധാനവും ഭാഗികമായി  തടസപ്പെട്ടിരുന്നു.

അതേസമയം, കനത്തമഴയിൽ മണ്ണിടിഞ്ഞ് താറുമാറായ അട്ടപ്പാടി – മണ്ണാർക്കാട് ചുരം റേ‍ാഡിൽ ഗതാഗതം മുഴുവനായി പുനഃസ്ഥാപിച്ചു. എന്നാൽ, വലിയ വാഹനങ്ങൾക്കുള്ള നിരേ‍ാധനം തുടരും.